ഷാരോണ്‍ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ മനസിലെ പൈശാചികതയെക്കുറിച്ച് വിധിന്യായത്തില്‍ വിചാരണക്കോടതി അക്കമിട്ട് പറയുന്നുണ്ട്. ഷാരോണ്‍ ആന്തരാവയവങ്ങള്‍ അഴുകി കൊടുംവേദനയില്‍ ഉഴലുമ്പോഴും ഗ്രീഷ്മ നിഷ്കളങ്കത നടിച്ച് അവനെ അക്ഷരാര്‍ഥത്തില്‍ വിഡ്ഢിയാക്കുകയായിരുന്നു. ഷാരോണിന്‍റെ ബന്ധുക്കള്‍ നേരത്തേ പുറത്തുവിട്ട വാട്സാപ് ചാറ്റുകള്‍ ഇക്കാര്യം സംശയത്തിനിടയില്ലാത്തവിധം തെളിയിക്കുന്നു. കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചശേഷവും അറിവില്ലായ്മ നടിച്ച് ഗ്രീഷ്മ ഷാരോണുമായി ചാറ്റ് ചെയ്തിരുന്നു. ഷാരോണിന്‍റെ അവസ്ഥ അവനോടുതന്നെ ചോദിച്ചറിയുന്നതും ഇതില്‍ കാണാം. പ്രധാനപ്പെട്ട ചില ചാറ്റുകള്‍ ഇതാ:
2022 ഒക്ടോബര്‍ 14ന് രാവിലെ 11.37 മുതലാണ് ഗ്രീഷ്മ ഷാരോണിനു സന്ദേശം അയച്ചുതുടങ്ങിയത്...
ഗ്രീഷ്മ; സോറി ഇച്ചായാ,ചര്‍ദി ഒക്കെ നോര്‍മലാണ്, ഞാനും ചര്‍ദിച്ചിരുന്നു, അത് കഷായത്തിന്റെ കയ്പിന്റെ ആണെന്നാ കരുതിയെ, ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല..സോറി
ഈ സന്ദേശത്തിനു ഉച്ചയ്ക്ക് 12.06നാണ് ഷാരോണ്‍ മറുപടി നല്‍കിയത്.
ഷാരോണ്‍; ഗ്രീന്‍ കളറിലാണ് വൊമിറ്റ് ചെയ്യുന്നത്
ഗ്രീഷ്മ; ആ ജ്യൂസ് കുടിച്ചോണ്ടായിരിക്കുമോ? കഷായം ആ കളര്‍ അല്ലേ..അതുകൊണ്ടാവും, ഞാന്‍ കാരണമല്ലേ...ഇനി വീട്ടില്‍ അറിയുമ്പോ...നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങൂ..
ഉച്ചയ്ക്ക് 12.22 മുതല്‍
ഷാരോണ്‍; ഞാന്‍ ഉറങ്ങട്ടേ വാവേ..
ഗ്രീഷ്മ; എനിക്ക് വയ്യ, ഉറങ്ങിക്കോ..
ഷാരോണ്‍; എന്തോന്നു വയ്യ...?
ഗ്രീഷ്മ; അല്ല സമാധാനം ഇല്ല
ഷാരോണ്‍; എനിക്ക് ഒന്നുമില്ല, കഷായം നെയിം?
ഗ്രീഷ്മ; എന്തോ...അത് ഉണ്ടാക്കുന്നത് ചോദിച്ചുപറയാം
ഷാരോണ്‍; നിനക്ക് മരുന്നുതന്ന അവിടെ വിളിച്ചുചോദിക്ക്, അമ്മ ഒന്നും അറിയാതെ
വൈകിട്ട് 5.31 മുതല്‍
ഷാരോണ്‍; എന്റെ മോഷന്‍ ബ്ലാക്ക് ആയിട്ടാ പോണേ...
ഗ്രീഷ്മ; ജ്യൂസ് കുടിച്ച ഓട്ടോചേട്ടനും വയ്യാന്ന്, ഇവിടെ അമ്മയെ കൊണ്ടുവിട്ട ഓട്ടോചേട്ടനു ഞാന്‍ അതാണ് കൊടുത്തത്, ആ ചേട്ടനു വയ്യാന്നു മാമന്‍ പറഞ്ഞു കുറച്ചു മുന്നെ..
ഷാരോണ്‍; എനിക്ക് ചാറ്റ് ചെയ്യാന്‍ പറ്റൂല്ല വാവേ..
ഗ്രീഷ്മ; ആളുണ്ടെന്ന് ഇച്ചായന്‍ പറഞ്ഞോണ്ടാ ഞാന്‍ മെസേജ് ചെയ്യാത്തെ
ഷാരോണ്‍; അറിയാം വാവേ...
ഗ്രീഷ്മ; അഡ്മിറ്റ് ആക്കിയാ...? ഏത് ഹോസ്പിറ്റല്‍?
ഷാരോണ്‍ ; പാറശാല ഗവ.ഹോസ്പിറ്റല്‍
ഷാരോണ്‍ കഴിച്ച കഷായം ഏതാണെന്ന് ഷാരോണിന്‍റെ സുഹൃത്തും ഗ്രീഷ്മയോട് അന്വേഷിച്ചിരുന്നു. അയാള്‍ക്ക് ഗ്രീഷ്മ അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞ കാര്യങ്ങളും സംശയം വര്‍ധിപ്പിക്കാനിടയാക്കി. അത് ഇങ്ങനെയായിരുന്നു: ‘ആ മരുന്നില്ലടാ... ആ മരുന്ന് അവസാനമായിട്ട്, തീര്‍ന്നുകാണും. തീര്‍ത്താണ് ഞാന്‍ ഇച്ചായന് കൊടുത്തത്. അത് ഇച്ചായനും അറിയാം...അവസാനത്തെ ദിവസമായിരുന്നു. അത് കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനുശേഷം എനിക്ക് പ്രിസ്ക്രൈബ് ചെയ്തിട്ടില്ല. അത് എന്‍റെ കയ്യില്‍ ഇല്ല. ഞാന്‍ ഒരു കാര്യം ചോദിക്കട്ടാ? നീ എന്താ ഉദ്ദേശിക്കുന്നത്..? ഞാന്‍ എന്തെങ്കിലും ചെയ്തുവെന്നാണോ? നീ ഒന്നോര്‍ത്തുനോക്ക്... ഒന്നാലോചിച്ചുനോക്ക്... എന്തായാലും കുഴപ്പമില്ലെന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പം എനിക്കുതന്നെ എന്തോപോലെ തോന്നുന്നു. എടാ ഞാന്‍ കഴിച്ച സാധനത്തിനെയാണ് ഞാന്‍ (ഷാരോണിന്) കൊടുത്തത്... അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ... ഞാനൊന്നും അതില്‍ കലര്‍ത്തിയിട്ടൊന്നും ഇല്ല. എനിക്കയാളെ കൊന്നിട്ട് എനിക്കെന്തുകിട്ടാനാ...’\
2022 ഒക്ടോബര്‍ പതിനാലിന് ഷാരോണിന് വിഷം നല്‍കാന്‍ ഗ്രീഷ്മ മുന്‍കൂട്ടി ഉറപ്പിച്ചിരുന്നുവെന്ന് പൊലീസ് കോടതിയില്‍ ഡിജിറ്റല്‍ തെളിവുകളുടെയടക്കം അടിസ്ഥാനത്തില്‍ തെളിയിച്ചു. 13ന് രാത്രി ഷാരോണിനെ ഫോണില്‍വിളിച്ച് ഒരുമണിക്കൂറോളം സംസാരിച്ചു. 14ന് തന്‍റെ വീട്ടില്‍ ആരുമുണ്ടാകില്ലെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാരോണിനെ ഗ്രീഷ്മ സ്വന്തം വീട്ടിലെത്തിച്ച് വിഷം കലര്‍ത്തിയ കഷായവും ജൂസും നല്‍കിയത്. ദിവസങ്ങളോളം നരകയാതന അനുഭവിച്ച ശേഷം ഷാരോണ്‍ മരിച്ചു.