ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷ വിധിക്കപ്പെട്ടതിന് പിന്നിൽ കേരള പാലസിന്‍റെ നിരന്തര പരിശ്രമവും കഠിനാധ്വാനവുമുണ്ട്. ഷാരോണിനെ ഇല്ലാതാക്കാനായി ഗ്രീഷ്‌മ ഉപയോഗിച്ചത് കളനാശിനിയായ പാരക്വറ്റ് ഡൈ ക്ളോറൈഡാണ്. പൊലീസ് സംഘം ഈ കളനാശിനിയുടെ പ്രത്യേകതകളെപ്പറ്റിയും, ഉള്ളില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുമെല്ലാം ആഴത്തില്‍ പഠിച്ച ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പാരക്വറ്റ് ഡൈ ക്ളോറൈഡ് ഉള്ളില്‍ ചെന്നാല്‍ ആദ്യം വായ് ഭാഗത്ത് അൾസറിന് സമാനമായ വ്രണങ്ങളുണ്ടാവും. ഏകദേശം 2, 3 ദിവസം കഴിയുമ്പോഴേക്കും പാരക്വറ്റ് കിഡ്‌നിയെ ബാധിച്ചിരിക്കും. ഇത് മനുഷ്യ ശരീരത്തിലെ കുടൽ മുഴുവൻ കരിച്ചു കളയാന്‍ ശക്തിയുള്ള വിഷമാണ്. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ഡോക്ടർമാരെയും ഫോറൻസിക് വിദഗ്‌ദ്ധരെയും സമീപിച്ച് പാരക്വറ്റ് ഡൈ ക്ളോറൈഡിനെപ്പറ്റി വിശദമായ പഠനം നടത്തിയിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. ഫോറൻസിക് വിദഗ്‌ദ്ധരായ ഡോ. വി.വി പിള്ള, ഷേർലി വാസു എന്നിവരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരള പൊലീസ് പഴുതുകളില്ലാതെ കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സമർത്ഥമായി കേസ് അന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയതിനെ പ്രശംസിക്കാനും കോടതി മറന്നില്ല. ഗ്രീഷ്മ നടത്തിയത് ആസൂത്രിത കുറ്റകൃത്യമാണെന്നും പ്രായം കുറവാണെന്നതോ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതോ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ വിധിച്ചത്.

ഗ്രീഷ്മയ്ക്ക് തൂക്കുകയറിന് പുറമെ തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. തെളിവുനശിപ്പിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നുവര്‍ഷം തടവാണ് ശിക്ഷ. എല്ലാ മെഡിക്കൽ ഡിജിറ്റൽ തെളിവുകളും കണ്ടെത്തി അന്വേഷണ സംഘംകോടതിയിൽ സമർപ്പിച്ചിരുന്നു.