കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്താട്ടുകുളം ചെള്ളക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹൻ, സിപിഎം പ്രവർത്തകരായ ടോണി ബേബി, റിൻസ് വർഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് പിടിയിലായത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്കായി കൂത്താട്ടുകുളം നഗരസഭാ ഓഫിസിൽ എത്തിയ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ട് പോകാൻ നേതൃത്വം നൽകിയവരിൽ ഒരാളാണ് അരുൺ.
കേസന്വഷണം മൂവാറ്റുപുഴ ഡിവൈഎസ്പിയിൽ നിന്ന് ആലുവ ഡിവൈഎസ്പിക്ക് കൈമാറിയതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതി സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷിനെ പിടികൂടിയിട്ടില്ല. അതിനിടെ തട്ടിക്കൊണ്ട് പോകൽ പരാതിയിൽ കൗൺസിലർ കല രാജു ഇന്ന് രഹസ്യ മൊഴി നൽകും. കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി എടുക്കുക. സംഭവത്തിൽ പ്രതിരോധത്തിലായതോടെ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൂത്താട്ടുകുളത്ത് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു.