തിരുവനന്തപുരം വിതുര ആശുപത്രിയിൽ വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെന്ന പരാതിയിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് ആരോഗ്യ വകുപ്പ്. ആവശ്യമുന്നയിച്ച് ഡിജിപിക്ക് രേഖാമൂലം പരാതി നല്കി. വ്യാജ പരാതിയിലൂടെ ആരോഗ്യ സംവിധാനത്തെ തകർക്കാർ ബോധപൂർവം ശ്രമമുണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.
വിതുര ആശുപത്രി ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ ഗുളികയില്‍ മൊട്ടുസൂചി കിട്ടിയെന്ന് പരാതിപ്പെട്ടത് മേമല ഉരുളികുന്ന് സ്വദേശിനി വസന്തയാണ്. ശ്വാസം മുട്ടലിന് വാങ്ങിച്ച ആന്‍റിബയോട്ടിക് ഗുളിക സംശയം തോന്നി പൊളിച്ചെന്നും മൂന്ന് ഗുളികകളില്‍ സൂചി കണ്ടെന്നുമായിരുന്നു പരാതി.
സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ പരാതി വീഡിയോ പ്രചരിച്ചതോടെ വിവാദം കത്തി. പേപ്പറില്‍ കുത്തി വച്ചതുപോലെ മൂന്ന് മൊട്ടുസൂചികളും രണ്ടറ്റം മാത്രം തുരുമ്പെടുത്ത നിലയിലാണ്.
ഗുളികകളുടെ ഘടനയ്ക്കോ ഗുണനിലവാരത്തിനോ വ്യത്യാസമില്ല. ഇതേ ബാച്ചിലുളള മററ് ഗുളികകള്‍ക്കും പ്രശ്നമില്ല. ഗുളിക കഴിച്ചശേഷം അസ്വസ്ഥത അനുഭവപ്പെട്ടെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. മൊഴികളിലും വൈരുധ്യമുണ്ടായതോടെയാണ് അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്കിയത്. സംസ്ഥാനത്ത് കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വില്‍ക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. കച്ചവടവും ഇടിഞ്ഞു. ഇതിൽ ചൊരുക്കുള്ള മരുന്നു കച്ചവടക്കാർ വ്യാജ പരാതിക്ക് പിന്നിലുണ്ടോയെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നു. സമീപത്തെ സ്വകാര്യ മരുന്നു വിതരണ സ്ഥാപനങ്ങളും സംശയനിഴലിലെന്നാണ് ആരോഗ്യ വകുപ്പ് നിലപാട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷ പരിധിയിൽ വരും.