മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ്‍വണ്‍ വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് നേരെയാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥി ഭീഷണി മുഴക്കിയത്. തനിക്ക് എന്നെ അറിയില്ലെന്നും പുറത്ത് കിട്ടിയാൽ കൊല്ലുമെന്നുമായിരുന്നു വിരല്‍ ചൂണ്ടിയുള്ള വിദ്യാര്‍ഥിയുടെ പ്രതികരണം.
'ഇവിടെ ഞാന്‍ നല്ലത് പോലെയിരിക്കും സ്കൂളിന് പുറത്തിറങ്ങിയാല്‍ പള്ളക്ക് കത്തി കയറ്റിയിട്ടേ ഞാന്‍ പോകു. എനിക്ക് അങ്ങനെയൊരു സ്വഭാവം ഉണ്ട് സാറേ. നിങ്ങള്‍ കുറേ വിഡിയോ എടുക്കുകയോ എന്ത് തേങ്ങയെങ്കിലും കാണിക്ക്. എന്നെ ഇതിന്‍റെ ഉള്ളിലിട്ട് മെന്‍റലി ഹറാസ് ചെയ്തു, വിഡിയോ വരെ എടുത്തു. സാറിനെയൊക്കെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍. കൊന്ന് ഇടും എന്ന് പറഞ്ഞാല്‍ കൊന്ന് ഇടും. എന്‍റെ ഫോണ്‍ കൊണ്ട' എന്നാണ് വിദ്യാര്‍ഥി അധ്യാപകരോട് പറയുന്നത്.
കഴിഞ്ഞദിവസം നേരം വൈകി സ്കൂളിലെത്തിയ വിദ്യാർഥിയെ പ്രിൻസിപ്പലിന്‍റെ മുറിയിലെത്തിച്ച് കാര്യം തിരക്കുന്നതിനിടെ മൊബൈൽ ഫോൺ ബെല്ലടിക്കുകയായിരുന്നു. ഫോൺ വാങ്ങി വച്ചതിന്‍റെ പേരിൽ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്‍റെ മുറിയിൽ ഇരുന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ഫോൺ തരാൻ ആവശ്യപ്പെടുന്നതും പുറത്തിറങ്ങിയാൽ അധ്യാപകനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യമാണ് പുറത്തായത്. രക്ഷിതാക്കളുമായി സംസാരിച്ചെന്നും വിദ്യാർഥിയുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.