പാലക്കാട്ടെ പടിഞ്ഞാറൻ മേഖലയിൽ കാട്ടുപന്നി ആക്രമണത്തിൽ വ്യാപക കൃഷിനാശം. കാട്ടുപന്നി ആക്രമണംമൂലം നിരവധി കര്‍ഷകരാണ് കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. പാലക്കാട് കപ്പൂർ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും കർഷകരുടെയും പ്രത്യേക യോഗത്തിൽ കര്‍ഷകര്‍ പ്രതിഷേധിച്ചു.
ഓരോ വർഷവും കാട്ടുപന്നി ആക്രമണം വര്‍ധിക്കുകയാണ്. നഷ്ടം സഹിച്ചും കാലങ്ങളായി കൃഷി ചെയ്തിരുന്ന പലരും കൃഷി ഉപേക്ഷിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതി. കർഷകർക്ക് മാത്രമല്ല ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന വിഷയത്തിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും, കൃഷിനശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി പഞ്ചായത്തിൽ നിന്ന് അനുവദിക്കുന്ന തുക മതിയാവില്ലെന്നും കർഷകർ യോഗത്തിൽ ആവശ്യപ്പെട്ടു. കർഷകരിൽ നിന്നും വലിയ തുക പിരിച്ചെടുത്താണ് നിലവില്‍ പന്നിവേട്ട നടക്കുന്നത്. ഇത് കർഷകർക്ക് താങ്ങാനാവുന്നില്ലെന്നാണ് പരാതി.
കനാൽ പുറമ്പോക്കിലാണ് കാട്ടുപന്നികൾ തമ്പടിക്കുന്നത്. കാട് വെട്ടിത്തെളിച്ചാൽ ഒരു പരിധിവരെ പന്നി ശല്യംഒഴിവാക്കാൻ കഴിയുമെന്നും, ഇതിന് പഞ്ചായത്ത് മുന്നോട്ടുവരണമെന്നും, കർഷകർ ആവശ്യപ്പെട്ടു. വിഷയം ഗൗരവമുള്ളതാണെന്നും, നിയമപരമായ എല്ലാ സംരക്ഷണവും കർഷകർക്കുണ്ടാകുമെന്നും കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്. എല്ലാ ഗ്രാമസഭകളിലും ഇതൊരു പ്രമേയമാക്കാനും, വകുപ്പ് തലങ്ങളിലേക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് കപ്പൂർ പഞ്ചായത്തിൽനിന്ന് ഇരുപത്തിയൊന്ന് പന്നികളെയാണ് വെടിവെച്ച് കൊന്നത്.