പാറശാല ഷാരോണ്‍ കൊലക്കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമല്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. വധശിക്ഷ നല്‍കേണ്ട കേസല്ലെന്നും പ്രതി ‘അവള്‍’ആയതാണ് പ്രശ്നമെന്നും കെമാല്‍പാഷ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ‘എന്‍റെ അഭിപ്രായം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നറിയാം. ആളുകള്‍ ചീത്തവിളിക്കും . കാരണം സമൂഹം ഇത്തരം സംഭവങ്ങളെ അതിവൈകാരികമായാണ് കാണുന്നത്. ആ പെണ്ണിന് അങ്ങനെ തന്നെ കിട്ടണമെന്നും, മറിച്ചും പറയുന്നത് കേട്ടു. രണ്ടു വര്‍ഷത്തിനിടെ എത്ര പെണ്‍കുട്ടികള്‍ ഇവിടെ ദാരുണമായി കൊല്ലപ്പെട്ടു? സമൂഹം ചിന്തിക്കുന്നുണ്ടോ?’ പ്രണയം നിരസിച്ചതിനും വിവാഹം നിഷേധിച്ചതിനും എത്ര പെണ്‍കുട്ടികളെ വെട്ടിയും കുത്തിയും കത്തിച്ചും കൊലപ്പെടുത്തിയെന്നും അദ്ദേഹം ചോദിച്ചു.
‘ആണ്‍പിള്ളേര്‍ പ്രണയം നടിച്ചുചെല്ലും, പെണ്‍കുട്ടി താല്‍പര്യമില്ലെന്ന് പറഞ്ഞാലും പിന്നാലെ നടക്കും. പ്രണയം നിഷേധിച്ചതിന് ഒരുവന്‍ പാറ്റ്നയില്‍ പോയി തോക്കുവാങ്ങിവന്ന് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. റോഡിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ഇതെല്ലാം ഇവിടെത്തന്നെയാണ് നടന്നതെന്നും കെമാല്‍പാഷ പറഞ്ഞു. ഇത് ചെയ്തവരുടെ പേര് ആരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?
ഇവിടെ പ്രതി പെണ്‍കുട്ടി ആയപ്പോള്‍ സമൂഹത്തിന് സഹിക്കുന്നില്ല.’ ഇതിനര്‍ഥം ഗ്രീഷ്മയെ ന്യായീകരിക്കുന്നുവെന്നല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ‘ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഗ്രീഷ്മ ചെയ്തത്, അങ്ങേയറ്റത്തെ തോന്ന്യാസം. ഒരേതരം കുറ്റങ്ങളെ രണ്ടുകണ്ണുകൊണ്ട് കാണരുത് എന്നാണ് ഞാന്‍ പറയുന്നത്. അവള്‍ പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാണെന്ന് പറയുന്നു, കാണുന്നോര്‍ക്കെല്ലാം അവള്‍ കഷായം കൊടുക്കുന്നുണ്ടോ? ഈ പെണ്‍കുട്ടിയുടെ അടുത്തുപോയ പയ്യന്‍ കഷായം കുടിക്കാനോ പ്രാര്‍ത്ഥിക്കാനോ അല്ലല്ലോ പോയത്, പുണ്യപ്രവര്‍ത്തിക്ക് പോയ ഒരാളെ കൊലപ്പെടുത്തി എന്ന തരത്തിലാണ് സമൂഹം കാണുന്നത്, അത് വൈകാരിക പ്രതികരണമാണ്. അത് പാടില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു.
‘ആ പെണ്‍കുട്ടിയുടേത് ചെറിയ പ്രായമാണ്, അത് പരിഗണിക്കണം. മനംമാറ്റത്തിനും നല്ല നടപ്പിനും സാധ്യതയുണ്ടോയെന്ന് വധശിക്ഷ വിധിക്കുംമുന്‍പ് പരിഗണിക്കണമായിരുന്നു. കൊലപ്പെടുത്താന്‍ ഒരുക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിധിയില്‍ പറയുന്നു. അവനെ ഒരാളെ ലക്ഷ്യമിട്ടല്ലേ ഇത് ചെയ്തത്? മറ്റാരെയും ലക്ഷ്യമിട്ടില്ല. ഇതൊന്നും ചിന്തിക്കാതെയാണ് ആളുകള്‍ പ്രതികരിക്കുന്നത്. ഗ്രീഷ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ തന്നെ കൊടുക്കണമായിരുന്നു, പഴയതുപോലെയല്ല, ഇളവ് (റെമിഷന്‍) കിട്ടാന്‍ ബുദ്ധിമുട്ടുള്ള കേസാണിത്. അപ്പോള്‍ നാല്‍പ്പത്തഞ്ചോ അന്‍പതോ വയസ്സുകഴിഞ്ഞേ പുറത്തിറങ്ങൂ.’ അപ്പോള്‍ ഒരു നവീകരണത്തിനും സാധ്യതയില്ലെന്ന് പറയാനാകുമോയെന്നും ജ. കെമാല്‍പാഷ ചോദിച്ചു.
വധശിക്ഷാ പ്രസ്താവത്തില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ആ പേനയുടെ മുനയൊടിക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും ബ്രിട്ടീഷ് ഭരണകാലത്തേയുള്ള രീതിയാണെന്നും ജസ്റ്റിസ് കെമാല്‍പാഷ പറയുന്നു. ‘23 വര്‍ഷക്കാലത്തിനിടെ പതിമൂന്നോ പതിനാലോ തവണ വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ പേനകളില്‍ രണ്ടെണ്ണം ആരോ വാങ്ങി. വധശിക്ഷ വിധിച്ച പേന വീട്ടില്‍സൂക്ഷിക്കാനെന്നും പറഞ്ഞാണ് കൊണ്ടുപോയത്. ബാക്കി പേനകളെല്ലാം താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ബി.കെമാല്‍പാഷ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.