ട്രാഫിക് പൊലീസിന് പണി കൊടുക്കാന്‍ പാകത്തിലൊരു സിഗ്നല്‍ തൂണുണ്ട് കോഴിക്കോട് എരഞ്ഞിപ്പാലത്ത്. ട്രാഫിക് പൊലീസിന്‍റെതാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ഇതിന്‍റെ അവകാശികളാരെന്ന് ആര്‍ക്കുമറിയില്ല. കാര്യമായ ഉപയോഗവും ഈ സിഗ്നല്‍ തൂണുകള്‍കൊണ്ടില്ല.
എരഞ്ഞിപ്പാലം ജംഗ്ഷന്‍റെ ഇരു വശത്തും ഉള്ള രണ്ട് കൂറ്റന്‍ സിഗ്നല്‍ തൂണുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആരാണ് ഇവ സ്ഥാപിച്ചതെന്ന് ആര്‍ക്കും കൃത്യമായറിയില്ല. ഇതുവരെ ഇവ പ്രവര്‍ത്തിപ്പിച്ചിട്ടുമില്ല. ട്രാഫിക് പൊലിസിന്‍റേത് ആണെന്നായിരുന്നു ഇതുവരെ എല്ലാവരുടേയും ധാരണ. എന്നാല്‍ ട്രാഫിക് പൊലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. ആദ്യമായാണ് അങ്ങനൊരു തൂണ്‍ അവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. നേരെ അസിസ്റ്റന്‍റ് എന്‍ജിനിയറെ ഫോണില്‍ വിളിച്ചു. ഔദ്യോഗിക വിശദീകരണത്തിന് തയ്യാറായില്ലെങ്കിലും തൂണ്‍ അനധികൃതമെന്ന് ഉദ്യോഗസ്ഥന്‍ തുറന്ന് സമ്മതിച്ചു.