sunil-got-inspiration-from-vellam-movie-and-stopped-drinking-habit

TOPICS COVERED

സിനിമ,  ജീവിതം മാറ്റിമറിച്ചതിന്റെ കഥയാണ് പത്തനംതിട്ട കൊടുമൺ സ്വദേശി സുനിൽ ജോർജിന് പറയാനുള്ളത്. കടുത്ത മദ്യപാനിയായിരുന്ന സുനിലിന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത് ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയാണ്. മദ്യപാനം പൂർണമായും ഉപേക്ഷിച്ച സുനിൽ സിനിമയിൽ നായകനായ ജയസൂര്യയെ നേരിട്ട് കണ്ട് സന്തോഷം പങ്കുവെക്കുകയും ചെയ്തു.

 

നിറഞ്ഞ ചിരിയാണ് സുനിലിൻ്റെ മുഖത്ത് ഇപ്പോഴുള്ളത്.എന്നാൽ മദ്യത്തിൻ്റെ രൂക്ഷഗന്ധമുള്ള ഫ്ലാഷ് ബാക്കുണ്ട് സുനിലിന്.കായിക താരമായിരുന്ന സുനിൽ ആദ്യമായി മദ്യത്തിൻറെ രുചിയറിയുന്നത് ഇരുപതാം വയസ്സിലാണ്. ബിയറടിച്ചാൽ ശരീരം നന്നാകുമെന്ന ആരുടെയോ വാക്കുകേട്ട് കൂട്ടുകാർക്കൊപ്പമായിരുന്നു തുടക്കം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മദ്യമായി അടുത്ത കൂട്ടുകാരൻ. ഇൻഷുറൻസ് കമ്പനിയിൽ ജോലിയുണ്ടായിരുന്ന സുനിലിന് എല്ലാം കൈവിട്ടുപോയി.

ഒന്‍പത് തവണ ഡി അഡിക്ഷൻ സെൻ്ററിൽ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് 37 കേസുകൾ വേറെ. പൊതുശല്യമാണെന്നും, പൂട്ടിയിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വരെ എത്തി കാര്യങ്ങൾ. എന്നാൽ 2021ൽ പുറത്തിറങ്ങിയ ജയസൂര്യ നായകനായ വെള്ളം സിനിമ സുനിലിൻ്റെ കഥ തിരുത്തിയെഴുതി.

മദ്യപാനം നിർത്തിയതോടെ കാര്യങ്ങൾ നല്ല വഴിക്കായി. നിലവിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻഷുറൻസ് വിഭാഗത്തിൽ തിരുവല്ല അസി. ബ്രാഞ്ച് ഹെഡാണ് സുനിൽ. പുതിയ കാർ വാങ്ങിയപ്പോൾ അതുമായി സിനിമയിലെ നായകനെ തന്നെ കാണാൻ സുനിലെത്തി. 

വെള്ളം സിനിമ കണ്ടാണ് മദ്യപാനം നിർത്തിയതെന്ന് നേരത്തെ നടൻ അജു വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ എഴുതിയിരുന്നു. ഇതാണ് സിനിമയുടെ യഥാർഥ വിജയമെന്ന് അണിയറ പ്രവർത്തകരുടെ പക്ഷം. ജീവിതത്തിലെ നായകനെ കാണാൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെന്നും എത്തിയിരുന്നു

സ്വയം നന്നായതിൽ അവസാനിപ്പിക്കുന്നില്ല സുനിൽ. മദ്യത്തിലാറാടി ജീവിതം കൈവിട്ടു പോയവരെ നേർവഴിക്കാക്കുക എന്ന ലക്ഷ്യവും ഇനി സുനിലിനുണ്ട്.