വധശിക്ഷ വിധിച്ച് അട്ടക്കുളങ്ങര ജയിലിലെത്തിയിട്ടും കൂസലില്ലാതെയാണ് ഗ്രീഷ്മയുടെ ജീവിതം. ഒരു തവണ പോലും ഗ്രീഷ്മ കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ശിക്ഷ വിധിച്ചതിന്‍റെ രണ്ടാം ദിനമായ ബുധനാഴ്ച ഗ്രീഷ്മയുടെ അച്ഛനും അമ്മയും ജയിലിലെത്തി. വസ്ത്രങ്ങളും കൈമാറി. ഗ്രീഷ്മയോട് സംസാരിക്കുന്നതിനിടെ അച്ഛനും അമ്മയും പലതവണ വിതുമ്പി. എന്നാല്‍ അപ്പോളും ഗ്രീഷ്മ കരയാന്‍ തയാറായില്ല.
മറ്റ് പ്രതികളെ അപേക്ഷിച്ച് ഗ്രീഷ്മ ഭയങ്കര ബോള്‍ഡാണെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തല്‍. വധശിക്ഷ വിധിച്ചിട്ടും ജീവിതം അവസാനിച്ചെന്ന തോന്നല്‍ ഗ്രീഷ്മയ്ക്കില്ല. ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷയാണ് പലരോടും പങ്കുവെക്കുന്നത്.
വിധി കഴിഞ്ഞുള്ള ആദ്യ ദിവസമായതുകൊണ്ട് ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നും നല്‍കിയിട്ടില്ല. അഞ്ച് പേരുള്ള ഒരു സെല്ലിലാണ് താമസം. കൂടെയുള്ളവരില്‍ മൂന്ന് പേര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ പോക്സോ കേസിലെ കുറ്റവാളിയുമാണ്.
വിധി വരുന്നതിന് മുന്‍പ്, അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ നാളുകളില്‍ 11 മാസം ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് ജയിലും ജീവനക്കാരെയുമെല്ലാം ഗ്രീഷ്മയ്ക്ക് നല്ല പരിചയമാണ്. അതുകൊണ്ട് ഒറ്റപ്പെട്ടുപോയ തോന്നലുമില്ലാതെയാണ് ഗ്രീഷ്മയുടെ ജീവിതം. നേരത്തെ ജയിലില്‍ കഴിയുന്ന സമയത്ത് അവിടത്തെ പ്രധാന കലാകാരിയായിരുന്നു ഗ്രീഷ്മ. ചിത്രംവരയാണ് പ്രധാന ഹോബി. പാട്ടും ഡാന്‍സും വഴങ്ങും. ജയിലിലെ കലാപരിപാടികളിലെല്ലാം ഗ്രീഷ്മയുടെ ഡാന്‍സുണ്ടായിരുന്നു. ഇടക്കിടെ പാട്ടും.