വധശിക്ഷ വിധിക്കുന്ന പേനകള്‍ ജഡ്ജിമാര്‍ കുത്തിയൊടുക്കുന്നതാണ് കോടതി മുറികളിലെ കീഴ്‌വഴക്കം. എന്നാല്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച ജഡ്ജി ആ പതിവും തെറ്റിച്ചു. ആ പേനകള്‍ ഇനിയും വിധിയെഴുതും. വധശിക്ഷ വിധിക്കുന്ന പേനകളുടെ മുനയൊടിക്കണമെന്ന് നിയമലോകത്ത് എവിടെയും പറയുന്നില്ല. പക്ഷെ ഒരു കീഴ്‌വഴക്കമായി പലരും അത് പാലിക്കാറുണ്ടെന്നു മാത്രം.
ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ചടങ്ങെന്നാണ് പൊതുവേ കരുതുന്നത്. ഒരാളുടെ ജീവനെടുക്കാന്‍ വിധിച്ചതുകൊണ്ട്, ഇനി അങ്ങിനെ സംഭവിക്കരുതെന്ന ആഗ്രഹമാണ് പേനയുടെ മുന കുത്തിയൊടിക്കുന്നതിന് പിന്നിലെന്നാണ് പലരും കരുതാറ്. എന്നാല്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ ആ പേനയെ കൊന്നില്ല. ഗ്രീഷ്മയ്ക്ക് വധശിക്ഷയെന്ന വിധിയെഴുതിയ ശേഷം ആ പേന അതേപടി പോക്കറ്റിലിട്ടു. ഇടവേള പോലുമെടുക്കാതെ അടുത്ത കേസിലേക്കും കടന്നു. ഇരട്ടക്കൊലപാതകത്തിന്‍റെ വിചാരണയായിരുന്നു അടുത്തതായി അന്ന് നടന്നത്.
എ.എം.ബഷീര്‍ ഇതിന് മുന്‍പ് വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. അന്നും വിധിയെഴുതിയ പേന ഒടിച്ചിരുന്നില്ല. അതിനാല്‍ ഇനിയും ആ പേനകള്‍ വിധിയെഴുതാന്‍ തയാറാണെന്ന് അര്‍ത്ഥം. രണ്ട് കൊലപാതക കേസുകളാണ് ഇപ്പോള്‍ എ.എം.ബഷീറിന്‍റെ കോടതിയില്‍ വിചാരണ പുരോഗമിക്കുന്നത്. 2021ല്‍ പാറശാലയിലെ പാറക്കുളത്തില്‍ രണ്ട് പേരെ കൊന്ന് തള്ളിയ കേസും മറ്റൊന്ന് കാരക്കോണത്ത് ഭാര്യയെ ഭര്‍ത്താവ് വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസും. ഈ കേസുകളിലെ പ്രതികള്‍ക്കും എന്ത് ശിക്ഷയാണ് ആ പേനകള്‍ കാത്തുവെച്ചിരിക്കുന്നതെന്ന് കണ്ടറിയണം.