സംസ്ഥാന സർക്കാരിന്‍റെ പുനർഗേഹം പദ്ധതി വഴിമുട്ടിയ അവസ്ഥയിൽ. ഭവന സമുച്ചയ പദ്ധതികൾ നിർത്തിവയ്ക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ചീഫ് എൻജിനീയർ നിർദേശം നൽകി. ഭൂമി വാങ്ങി വീട് വയ്ക്കാനുള്ള പദ്ധതിക്കൊപ്പം ഹാർബർ എൻജിനീയറിങ് വകുപ്പിന്‍റെ ഭവന സമുച്ചയ പദ്ധതികളും അവതാളത്തിലായതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രതീക്ഷ മങ്ങുകയാണ്. ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചുവര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയതാണ് പുനര്‍ഗേഹം പദ്ധതി. എന്നാല്‍ അപേക്ഷകരില്‍ പകുതിയും ഇന്നും വാടക വീടുകളിലാണ്.
ഇതിനിടെയാണ് ഹാർബർ എൻജിനീയറിങ് വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ നിലവിൽ നിർമ്മാണം നടക്കുന്ന ബ്ലോക്കുകളുടെ മാത്രം നിര്‍മാണം പൂർത്തിയാക്കിയാൽ മതിയെന്നും, ഇനിയും നിർമ്മാണം തുടങ്ങാത്ത ബ്ലോക്കുകൾ നിർമ്മിക്കേണ്ടതില്ലെന്നും ചീഫ് എൻജിനീയർ തലത്തിൽ നിന്ന് ഹാർബർ എൻജിനീയറിങ് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം ചീഫ് എൻജിനീയറുടെ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തുടങ്ങിവച്ച ബ്ലോക്കുകൾ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കരാറുകാരുടെ അലംഭാവം കാരണം നിർമ്മാണം നിലച്ച മട്ടാണ്. പുനര്‍ഗേഹം പദ്ധതി വഴി ഭൂമി വാങ്ങി വീട് വയ്ക്കുന്ന പദ്ധതിയും അവതാളത്തിലാണ്. 10 ലക്ഷം രൂപയായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. സർക്കാറിന്‍റെ കയ്യിൽ പണമില്ലാത്തതിനാൽ നിലവില്‍ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ഭൂമി നൽകാൻ തയ്യാറായ ഭൂവുടമകളും പണം ലഭിക്കാതെ വെട്ടിലായ അവസ്ഥയിലാണ്.