മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിവിൽ കോടതി തീർപ്പാക്കിയ പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈക്കോടതി ചോദിച്ചു. കണ്ണിൽ പൊടിയിടാനാണോ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും കോടതി വിമർശിച്ചു
മുനമ്പം ഭൂമി പ്രശ്നത്തിൽ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചിരുന്നു. ഇതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിമർശനവും ചോദ്യങ്ങളും. മുനമ്പത്തെ 104 ഏക്കർ ഭൂമി വഖഫ് ആണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയതാണെന്ന് കോടതി വാക്കാൽ പറഞ്ഞു. സിവിൽ കോടതി തീർപ്പാക്കിയ ഉടമസ്ഥാവകാശ വിഷയത്തിൽ കമ്മീഷന് ഇടപെടാനാവില്ല. തീര്‍പ്പാക്കിയ വിഷയത്തിലെ ജുഡീഷ്യല്‍ കമ്മിഷന്റെ നിയമനം ദോഷകരമായ ഫലം ഉണ്ടാക്കും. ഈ സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാൻ കമ്മീഷന് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. കണ്ണില്‍ പൊടിയിടാനാണോ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനമെന്നും സിംഗിൾ ബെഞ്ച് വിമർശിച്ചു. തുടർന്ന് ഏതൊക്കെ വിഷയങ്ങളാണ് കമ്മീഷന്റെ പരിധിയിൽ വരുന്നതെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. വിഷയത്തിൽ മറുപടി പറയേണ്ടത് സർക്കാരെന്നും, കോടതി തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത് അമിതാധികാര പ്രയോഗമെന്നും, അന്വേഷണം തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.