മലപ്പുറം വെറ്റിലപ്പാറയിൽ കിണറ്റിൽ നിന്ന് രക്ഷപെടുത്തിയ കാട്ടുകൊമ്പൻ വീണ്ടും നാട്ടിലിറങ്ങിയാൽ കാട് കയറ്റാൻ കുങ്കിയാനകൾ സജ്ജം. വയനാട്ടിൽ നിന്ന് കോന്നി സുരേന്ദ്രനെയും, വിക്രമിനെയുമാണ് എത്തിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം നിരീക്ഷിച്ച ശേഷമാകും കുങ്കിയാനകളെ ഇറക്കിയുള്ള നിരീക്ഷണം.
20 മണിക്കൂറിനു ശേഷം കിണറിൽ നിന്ന് കരകയറിയ കാട്ടുകൊമ്പൻ ഉൾക്കാടു ലക്ഷ്യമാക്കി നീങ്ങിയെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. ആന ജനവാസ മേഖലയോട് ചേർന്നു നിലയുറപ്പിച്ചിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം കുങ്കിയാനകളെ ഇറക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം. പാപ്പാന്മാരും, വനം വകുപ്പ് അധികൃതരും പ്രദേശം നിരീക്ഷിച്ച ശേഷമാകും കുങ്കിയാനയെ ഇറക്കി നിരീക്ഷിക്കുക. കാട്ടു കൊമ്പൻ ജനവാസ മേഖലയോട് ചേർന്നു നിലയുറപ്പിച്ചാൽ ആനയെ ഉൾവനത്തിലേക്കു തുരത്താന്നാണ് നീക്കം. സ്ഥലത്ത് വനം വകുപ്പും ആർ ആർ ടി സംഘവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കാട് കയറിയ ഒറ്റയാൻ പിന്നീട് എത്തിയിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. ആന വീണ് തകർന്ന കിണർ പുനർനിർമ്മിക്കാൻ സ്ഥലം ഉടമ സണ്ണിക്ക് അനുവദിച്ച നഷ്ടപരിഹാര തുകയായ ഒന്നരലക്ഷം രൂപ കൈമാറി. അസിസ്റ്റന്റ് ഫോറെസ്റ്റ് ഓഫീസറാണ് ചെക്ക് കൈമാറിയത്.
തൂക്കു വൈദ്യൂത വേലിയടക്കം സ്ഥാപിക്കും എന്ന വനം വകുപ്പിന്റെ ഉറപ്പിന്മേലാണ് ഇന്നലെ നാട്ടുകാർ ഏറെ നേരത്തെ പ്രതിഷേധം അവസാനിപ്പിച്ചു ആനയെ കരയ്ക്ക് കയറ്റാൻ സമ്മതിച്ചത്. കാട്ടാന നിലവിൽ ഉൾവനത്തിൽ എത്തിയെന്നാണ് പ്രാഥമിക നിഗമനം.