വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവതി രാധ(45)യുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായമായി ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി ഒ.ആര്‍.കേളു. നരഭോജിക്കടുവയുടെ ഗണത്തില്‍പ്പെടുത്തി പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ കടുവയെ വെടിവച്ച് കൊല്ലുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്ക് ആര്‍ആര്‍ടി സംഘത്തിന്‍റെ സംരക്ഷണം നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇതോടെ മാനന്തവാടിയില്‍ ജനങ്ങള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. രാധയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കടുവയെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും നിര്‍ദേശം നല്‍കിയിരുന്നു. കടുവ രാധയെ ആക്രമിച്ചത് വനത്തില്‍വച്ചാണോ അല്ലയോ എന്നത് നോക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
രാവിലെ കാപ്പിക്കുരു പറിക്കുന്നതിനായി പ്രിയദര്‍ശിനി എസ്റ്റേറ്റിനോട് ചേര്‍ന്ന വനപ്രദേശത്തേക്ക് പോയ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. കാപ്പിക്കുരു പറിക്കാന്‍ പോയ രാധയെ കുറച്ച് ദൂരം ഭര്‍ത്താവ് കൊണ്ടുവിട്ടുവെന്നും പിന്നീട് ഇവര്‍ തനിച്ച് പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വനത്തില്‍ കയറിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് തല വേര്‍പെട്ട നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ചുമന്ന് പുറത്തെത്തിച്ചു.