പി വി അൻവറിനെ വിടാതെ സർക്കാർ. ആലുവയിലെ 11 ഏക്കർ പാട്ടഭൂമിയിലെ കെട്ടിടം പെർമിറ്റില്ലാതെയാണ് നിർമിച്ചതെന്ന് വിജിലൻസിനു നൽകിയ മറുപടിയിൽ എടത്തല പഞ്ചായത്ത്. നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്ന പരാതിയിൽ കെട്ടിട, ഭൂമി വിവരങ്ങൾ തേടിയുള്ള വിജിലൻസ് ചോദ്യത്തിനാണ് പഞ്ചായത്തിന്‍റെ മറുപടി. എന്നാൽ ഹൈക്കോടതി പോലും തള്ളിയ കേസിലൂടെ തന്നെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പി.വി. അൻവർ തിരിച്ചടിച്ചു
സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം തുടരുന്ന അൻവറിനെ വിടാതെ പിന്തുടരുകയാണ് സർക്കാരും. അന്വേഷണം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ആലുവയിലെ ഭൂമിയുടേയും കെട്ടിടങ്ങളുടേയും വിവരങ്ങൾ വിജിലൻസ് തേടിയിരുന്നു. സമയം ഒട്ടും കളയാതെ വളരെ പെട്ടെന്നു തന്നെ മറുപടിയും പഞ്ചായത്ത് കൈമാറി. പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് പഞ്ചായത്ത് മറുപടിയിൽ പറയുന്നത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്‍റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിർമാണത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും വിജിലൻസിന് പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട് നിർമാണത്തിനുളള ബിൽഡിങ് പെർമിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തിൽ ലഭ്യമല്ല. ഭൂമിയിലെ 7 അനുബന്ധ നിർമാണങ്ങൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ട്. റിസോർട്ട്, സിനിമാ തിയേറ്റർ തുടങ്ങിയവയ്ക്കാണ് അനുമതി നൽകിയെന്നും വിജിലൻസിനുളള മറുപടിയിൽ കൂട്ടി ചേർക്കുന്നു
എന്നാൽ തന്നെ അപമാനിക്കാനുള്ള ശ്രമമാണ് അന്വേഷണത്തിനു പിന്നിലെന്നു പി.വി.അൻവർ. കഴിഞ്ഞ ദിവസമാണ് എറണാകുളത്തു നിന്നുള്ള പരാതിയിൽ അൻവറിനെതിരെ അന്വേഷണം ആരംഭിച്ചത്