കടുവ ആക്രമണമുണ്ടായ വയനാട് പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുമായുള്ള ചര്‍ച്ചയ്ക്ക് കലക്ടറെത്തില്ല. കലക്ടര്‍ക്കുപകരം എഡിഎം നാട്ടുകാരുമായി ചര്‍ച്ച നടത്തും. ബേസ് ക്യാംപിനുമുന്നില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നാട്ടുകാരെ പങ്കെടുപ്പിക്കാതെ ചര്‍ച്ച നടത്താന്‍ നീക്കമെന്നാണ് നാട്ടുകാരുടെ ആരോപണം. അടച്ചിട്ട മുറിയില്‍ ചര്‍ച്ച അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Read Also: കടുവയുടെ ചിത്രം ക്യാമറയില്‍; കൊന്നേ പറ്റൂവെന്ന് നാട്ടുകാര്‍; വന്‍ പ്രതിഷേധം
ഡോ. അരുണ്‍ സഖറിയയെയും സംഘത്തെയും മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. നാട്ടുകാരെ അനുനയിപ്പിക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. ഡോ. അരുണ്‍ സഖറിയ ഇപ്പോള്‍ കടുവ ആക്രമണം ഉണ്ടായ സ്ഥലത്തേക്ക് പോകുകയാണ്. അതിനിടെ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വയനാട്ടിലെത്തും. നാളെ രാവിലെ 11ന് വയനാട് കലക്ടറേറ്റില്‍ ഉന്നതതലയോഗം ചേരും.
ഇതിനിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പിൽ നൂറുകണക്കിനു പ്രദേശവാസികളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. കടുവ കൂട്ടിലാവാത്തതിനാൽ ഉൾഭയത്തോടെയാണ് പ്രദേശവാസികൾ സംസ്കാര ചടങ്ങുകൾക്ക് പോലും എത്തിയത്. രാവിലെ 8.30 യോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ശേഷം പഞ്ചാരകൊല്ലിയിലെ പാതി പണി തീർത്ത കൊച്ചു വീട്ടിലേക്ക് എത്തിച്ചു. ശേഷം രണ്ടുമണിക്കൂർ നീണ്ട പൊതുദർശനം.
ഉള്ളു വിങ്ങി നാട്ടുകാരും ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ വരെ അമ്മക്കൊപ്പം ഉണ്ടായിരുന്ന മൂത്ത മകൻ അനിലും മകൾ അനീഷയും നിയന്ത്രണം വിട്ടു തേങ്ങി,
വീടിനോട് ചേർന്നായിരുന്നു സംസ്കാരം. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാധയെ മണ്ണിലേക്ക് വെച്ചു. ഒരു കുടുംബത്തിന്റെയാകെ ആശ്രയം മണ്ണോട് ചേർന്നു
കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. കടുവ കാട് കയറാത്തതിനാൽ ഉൾഭയത്തോടെയാണ് നാട്ടുകാർ സംസ്കാര ചടങ്ങുകൾക്ക് പോലും എത്തിയത്.
ജില്ലയിൽ കടുവയാൽ ജീവൻ പൊലിയുന്ന എട്ടാമത്തെയാളാണ് രാധ. കടുവയടക്കമുള്ള വന്യജീവികളുടെ കലി ഇനിയും താങ്ങാനാവില്ലെന്നും ഇനിയുമൊരു നോവ് സഹിക്കില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.