കോഴിക്കോട് കൂടരഞ്ഞിയിൽ മാസങ്ങളായി ഭീതി വിതച്ച പുലി കൂട്ടിലായി. 15 ദിവസങ്ങൾക്ക് മുൻപ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.
പെരുംമ്പൂള, കൂരിയോട് പ്രദേശത്തെ നിരവധി ആടുകളെ അകത്താക്കിയ പുലി ഒടുവിൽ പിടിയിൽ. ഒട്ടേറെ വളർത്തുനായ്ക്കളെയും പുലി ആക്രമിച്ചിരുന്നു. 20 ദിവസങ്ങൾക്ക് മുൻപ് പെരുംമ്പൂള സ്വദേശി ഗ്രേസി പുലിയെ നേരിട്ട് കാണുകയും ചെയ്തു. ഇതിനുശേഷമാണ് വനം വകുപ്പ് പരിശോധന വ്യാപകമാക്കിയത്. നിരവധി ക്യാമറകൾ പ്രദേശത്ത് സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വനം വകുപ്പിന്റെ പരിശോധനയിൽ മൃഗങ്ങളെ ആക്രമിക്കുന്നത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ ഭീതി വർധിക്കുകയും ചെയ്തു. ഒടുവിൽ രണ്ടാഴ്ച മുൻപ് ആണ് കൂരിയോട് റബ്ബർ തോട്ടത്തിന് സമീപം കൂട് സ്ഥാപിചത്. ഇന്ന് പുലർച്ചെ സ്ഥിരം പരിശോധനയ്ക്ക് പോയ വനം വകുപ്പിന്റെ ആർ ആർ ടി സംഘമാണ് പുലി കുടുങ്ങിയത് കാണുന്നത്. താമരശ്ശേരി റെയിഞ്ച് ഓഫീസിൽ എത്തിച്ച പുലിയെ വെറ്റിനറി സർജൻ എത്തി പരിശോധിക്കും. അതിനുശേഷമായിരിക്കും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.