തൃശ്ശൂർ ജില്ലാജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്‍റെ കുടുംബം. മണവാളൻ എന്ന് വിളിക്കുന്ന യൂട്യൂബര്‍ ഷഹീൻ ഷായുടെ മുടിയും, താടിയും, മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് പരാതി. മകനെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച മജിസ്ട്രേറ്റ് കോടതിയിലും മുഖ്യമന്ത്രിക്കും ജയിൽ ഡിജിപിക്കും അടക്കം കുടുംബം പരാതി നൽകി.
ഷഹീൻ ഷായെ തൃശ്ശൂർ ജില്ലാ ജയിലിൽ നിന്നും മാറ്റണം. മകനെ കോടതിയിലേക്ക് വിളിച്ച് രൂപമാറ്റം വരുത്തിയത് പരിശോധിക്കണം. ജയിലിൽ നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് അന്വേഷണം വേണം. ഈ മൂന്ന് ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. മനോരോഗിയാക്കിയേ പുറത്തേക്ക് അയക്കുകയുള്ളു എന്ന് ജയിൽ അധികൃതർ മകനോട് പറഞ്ഞതായി മാതാവ് റായിഷ ആരോപിച്ചു. ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.
ഷഹീൻ ഷായുടെ ഉമ്മയുടെ വാക്കുകള്‍
എന്‍റെ മോനെ കാണാനായി പോയപ്പോള്‍ കരഞ്ഞുകൊണ്ടാണ് അവന്‍ എന്‍റെയടുത്ത് വന്നത്. ഉമ്മാ എന്‍റെ മുടി മുറിച്ചു എന്ന് പറഞ്ഞാണ് അവന്‍ കരയുന്നത്. ഞങ്ങള്‍ക്ക് പോലും അവനെ കണ്ടാല്‍ തിരിച്ചറിയാത്ത രീതിയിലാണ് ഉള്ളത്. താടിയും മുടിയും മീശയും ട്രീം ചെയ്തു. എന്താ ഉണ്ടായതെന്ന് അവനോട് ചോദിച്ചപ്പോഴാണ് പറയുന്നത് അവന്‍റെ കഴുത്തിന് കുത്തിപിടിച്ച് വേറെ രണ്ടാള് ചവിട്ടിപിടിച്ചാണ് അവന്‍റെ മുടി മുറിച്ചത്. അവന്‍ കുഴഞ്ഞ് വീണിട്ടും പിന്നെയും പെരടിക്ക് കുത്തി പിടിച്ചാണ് താടിയും മീശയും എടുത്തത്. മുറിക്കാന്‍ പോകുമ്പോള്‍ മോന്‍ അവരോട് പറഞ്ഞതാണ് സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും കല്ല്യാണം ഉണ്ടെന്നുമൊക്കെ. അത് കേള്‍ക്കാന്‍ അവര്‍ തയാറായില്ല. ഉപ്പാനെ വിളിക്കണം എന്ന് പറഞ്ഞപ്പോള്‍ നിന്നെ ഇനി ഇവിടെ നിന്ന് പുറത്തുവിടണമെങ്കില്‍ ഭ്രാന്തനായേ പുറത്തുവിടു എന്നാണ് പറഞ്ഞത്. അത് അവര്‍ ചെയ്യുകയും ചെയ്തു. അതിനാണ് ഭ്രാന്താശുപത്രിയില്‍ ആക്കിയത്. അന്ന് എന്‍റെ മകന് അവര് ഭക്ഷണം പോലും കൊടുത്തിട്ടില്ല. ജിഹാദിയായോ തീവ്രവാദിയായോ വളരാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് താടിയെടുത്തത്.
തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഷഹിന്‍ ഷാ പിടിയിലായത്. കോളജിന്‍റെ പരിസരത്ത് ഷഹീൻ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിൻതുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ഏപ്രിൽ 19 നായിരുന്നു സംഭവം. തുടര്‍ന്ന് 10 മാസമായി ഒളിവിലായിരുന്ന യുവാവിനെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് മണവാളന്‍ പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുൻപ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചിരുന്നു