വിഷപ്പുല്ല് തിന്ന് ആറ് പശുക്കള്‍ ചത്ത തൃശൂര്‍ വെളപ്പായ ചൈന ബാസാറിലെ ക്ഷീരകര്‍ഷകന്‍ രവിക്ക് കൈത്താങ്ങുമായി ക്ഷീര സഹകരണ സമിതി. രവിയുടെ ദുരസ്ഥ മനോരമ ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെ സഹകരണ സമിതി രണ്ട് പശുക്കളെ നല്‍കി.
ദിവസങ്ങൾ മുൻപ് സങ്കടവും നിരാശയും തളം കെട്ടി നിന്ന തൃശൂർ വെളപ്പായ ചൈന ബസാറിലെ ക്ഷീരകർഷകൻ രവിയുടെ വീട്ടിൽ ഇപ്പോൾ സന്തോഷവും പ്രതീക്ഷയുമാണ്. വേനൽ പച്ച തിന്ന് ചത്തുപോയ ആറ് പശുക്കൾക്ക് പകരം പുതിയ രണ്ട് അതിഥികൾ രവിയുടെ തൊഴുത്തിൽ എത്തി കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞാൽ പശു കിടാക്കളും പിറന്നു വീഴും. നഷ്ടക്കയത്തിൽ നിന്നു കരകയറാനുള്ള കൊച്ചു സഹായം രവിക്കും കുടുംബത്തിനും വലിയ ആശ്വാസമാണ് പകരുന്നത്.
ഈ മാസം ഇരുപത് , ഇരുപത്തിയൊന്ന്, ഇരുപത്തിരണ്ട് തീയതികളിലായിയാണ് വേനൽ പച്ച എന്ന ചെടി തിന്ന് രവിയുടെ ഒരു പശുക്കിടാവ് അടക്കം ആറ് പശുക്കൾ ഇല്ലാതായത്. ഡിസംബർ മുതൽ ജൂൺ വരെ പൂക്കുന്ന ഈ ചെടിയുടെ അമിത ഉപയോഗമാണ് പശുക്കളുടെ മരണത്തിന് കാരണമായത്. ചെടി വെട്ടി അരിഞ്ഞു കൊടുത്തത് സ്വന്തം കൈക്കൊണ്ടാണല്ലോ എന്ന കുറ്റബോധം രവിയുടെ ഭാര്യ സുമിത്രയ്ക്ക് ഇതുവരെ വിട്ടു മാറിയിട്ടില്ല. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വക15000 രൂപയും ലഭിച്ചിട്ടുണ്ട്. തികഞ്ഞ ആത്മവിശ്വാസവും പതറാത്ത മനസ്സുമായി രവിയും കുടുംബും മുന്നോട്ടു നീങ്ങുകയാണ് നഷ്ടപ്പെട്ടടുത്ത് നിന്ന് എല്ലാം തിരിച്ചു പിടിക്കാൻ .