തൃശൂരില്‍ പ്രാവുകള്‍ക്കുമുണ്ട് ഒരു ഉത്സവം. മെര്‍ലിന്‍ ഹോട്ടലില്‍ നടക്കുന്ന ഗ്രാന്‍ഡ് നാഷണല്‍ ഷോയിലാണ് ഈ മനോഹരക്കാഴ്ച്ച. ഇന്ത്യയിലെ വ്യത്യസ്ത ഇനം പ്രാവുകളുടെ വര്‍ണക്കാഴ്ച്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമാത്രമല്ല, പ്രാവുകളില്‍ കേമനാര് എന്ന് കണ്ടെത്തുന്നതും പ്രദര്‍ശനത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
ഇന്ത്യയിലെ നാല്പത് വ്യത്യസ്ത ഇനത്തിലുള്ള പ്രാവുകള്‍. തൃശൂര്‍ മെര്‍ലിന്‍ ഹോട്ടലില്‍ നടക്കുന്ന ഗ്രാന്‍ഡ് നാഷണല്‍ ഷോയിലാണ് ഈ മനോഹരക്കാഴ്ച്ച. നീണ്ട നിരയിലെ ഓരോ കൂടുകള്‍ക്കുള്ളില്‍ ചിറക് വിടര്‍ത്തി നില്‍ക്കുന്ന പ്രാവുകള്‍. അവരെ കാണാന്‍ ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്. നൂറില്‍ പരം പ്രാവുകളെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് മൊണ്‍ടെയ്ന്‍, ഇന്ത്യന്‍ ഫാന്‍ടെയ്ല്‍, മുടീന, പൗറ്റര്‍ അങ്ങനെ നീളും പ്രാവുകളുടെ പേരുകള്‍.
നിറത്തിലും രൂപത്തിലും മാത്രമല്ല സ്വഭാവത്തിലും, പറക്കാനുള്ള കഴിവിലും ഇവര്‍ വ്യത്യസ്തരാണ്. പ്രദര്‍ശനത്തില്‍ ഇവരില്‍ കേമന്‍ ആര് എന്ന് കണ്ടെത്തുന്ന മത്സരവും ഇതിനിടയില്‍ നടക്കുന്നുണ്ട്. വിദഗ്ധ അന്താരാഷ്ട്ര പക്ഷിഗവേഷകരുടെ നേതൃത്വത്തിലാണ് ഈ മല്‍സരം. യുണൈറ്റഡ് പീജിയണ്‍ ക്ലബിന്‍റെ ആറാമത് ഓള്‍ ഇന്ത്യ പീജിയണ്‍ ഷോയാണ് നടക്കുന്നത്. രണ്ടു ദിവസം നീളുന്ന പ്രദര്‍ശനം ഇന്നു വൈകിട്ട് അവസാനിക്കും.