governor

റിപ്പബ്ലിക് ദിനം പ്രൗഢമായിആചരിച്ച് സംസ്ഥാനവും. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. കേരളം തന്‍റെ സംസ്ഥാനമാണെന്നും മലയാളികൾ സിംഹങ്ങളെ പോലെയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.  ജില്ലകളിലെ റിപ്പബ്ളിക്ദിന പരേഡുകളിൽ മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു. 

 

22 സായുധ, സായുധതേര വിഭാഗങ്ങളും അശ്വാരൂഡ സേനയും അണിനിരന്ന പരേഡ് കാണാൻ നൂറുകണക്കിന് ആളുകൾ സെൻട്രൽ സ്റ്റേഡിയത്തിലെത്തി. പ്രത്യേക അതിഥികളായി കർണാടക പൊലീസിന്റെ സേനാംഗങ്ങൾ പരേഡിൽ അണിനിരന്നു. എഴുതി തയാറാക്കിയ പ്രസംഗം മാറ്റിവച്ച ഗവർണർ, മലയാളികളെ വാനോളം പുകഴ്ത്തിയും മുഖ്യമന്ത്രിയെ പ്രശംസിച്ചും രാഷ്ട്രീയം പറഞ്ഞു ഗവർണർ. വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം യാഥാർഥ്യമാകാൻ വികസിത കേരളം വേണം. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടെന്നും ഗവർണർ പറഞ്ഞു. 

ജില്ലകളിൽ മന്ത്രിമാർ പരേഡുകളെ അഭിവാദ്യം ചെയ്തു. കൊല്ലത്ത് കെ.എൻ.ബാലഗോപാലും പത്തനംതിട്ടയിൽ ജെ.ചിഞ്ചുറാണിയും ആലപ്പുഴയിൽ പി.പ്രസാദും കോട്ടയത്ത് വി.എൻ.വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും എറണാകുളത്ത് മന്ത്രി പി.രാജീവും പതാക ഉയർത്തിയപ്പോൾ കെ.രാജൻ തൃശൂരിലും കെ.കൃഷ്ണൻകുട്ടി പാലക്കാട്ടും മുഹമ്മദ് റിയാസ് കോഴിക്കോട്ടും വി.അബ്ദുറഹ്മാൻ മലപ്പുറത്തും എ.കെ.ശശീന്ദ്രൻ വയനാട്ടിലും രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിലും കെ.ബി.ഗണേഷ് കുമാർ കാസർകോട്ടും സല്യൂട്ട് സ്വീകരിച്ചു. 

ENGLISH SUMMARY:

Kerala republic day celebrations