ak-saseenran

കടുവ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന് നേരെ ജനരോഷം.  കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് തിരിച്ച മന്ത്രിയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു.  മന്ത്രിയെ കടത്തിവിടില്ലെന്ന് പറഞ്ഞ ജനങ്ങള്‍ റോഡില്‍ കുത്തിയിരുന്നു. കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് നേരിട്ട് കാണണമെന്നും മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.  

Read Also: കടുവയെ കൊല്ലാന്‍ പ്രത്യേക ടീം; ആറ് സംഘങ്ങള്‍ വനാതിര്‍ത്തി വളയും

കടുവ രാധയെ ആക്രമിച്ചത് വനത്തില്‍വച്ചാണെന്ന പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.  ജനങ്ങളെ ബലംപ്രയോഗിച്ച് നീക്കാനുള്ള പൊലീസിന്റെ ശ്രമം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിന് അയവ് വന്നതോടെ കനത്ത പൊലീസ് സന്നാഹത്തില്‍ മന്ത്രി രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.  

ഇതിനിടെ പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലാന്‍ വനംവകുപ്പ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി. കൂടുതല്‍ തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കും. പ്രഗത്ഭരായ 30അംഗ ടീമിനെ തിരഞ്ഞെടുത്തു. ആറ് സംഘങ്ങള്‍ വനാതിര്‍ത്തി വളയും . 

 

വന്യജീവി ആക്രമണം ഫലപ്രദമായി തടയുന്നതില്‍ സംസ്ഥാന സർക്കാർ പൂർണപരാജയമാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കുറപ്പെടുത്തി. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമാണ് നടപടി എടുക്കുന്നത്. വന്യജീവി ആക്രമണം തടയാന്‍ വനാതിർത്തികളില്‍ സംവിധാനം വേണം. സർക്കാർ ഈ വിഷയത്തില്‍ പുലർത്തുന്നത് പൂർണ നിസംഗതയാണെന്നും അതാണ് വനം മന്ത്രിയുടെ പാട്ടിലൂടെ വ്യക്തമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ENGLISH SUMMARY:

Protest against AK Saseendran