പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലാന്‍ തയാറെടുത്ത് വനംവകുപ്പ്. കൂടുതല്‍ തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കും. പ്രഗത്ഭരായ 30അംഗ ടീമിനെ തിരഞ്ഞെടുത്തു. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. ആറ് സംഘങ്ങള്‍ വനാതിര്‍ത്തി വളയും.
കടുവയെ കൊല്ലാന്‍ ഉത്തരവ് ഇറക്കുന്നത് ആദ്യമായാണ്. 2013ല്‍ ബത്തേരി മൂലങ്കാവില്‍ ഉത്തരവില്ലാതെ കടുവയെ കൊന്നിരുന്നു. അന്ന് വനംവകുപ്പ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ച കടുവയെ വെടിവച്ച് കൊന്നു.
വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവാ ആക്രമണം. ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെ കടുവ ആക്രമിച്ചു. സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആര്‍ആര്‍ടി സംഘം കടുവയെ വെടിവച്ചെങ്കിലും കൊണ്ടില്ല. സംഘത്തെ ആക്രമിച്ച സ്ഥലത്തുനിന്നും കടുവ മാറി. അടുത്ത ആക്ഷന്‍ പ്ലാനുമായി സംഘം വീണ്ടും ഉള്‍ക്കാട്ടിലേക്ക് പോകും. പുറകില്‍ നിന്നാണ് കടുവ ആക്രമിച്ചതെന്ന് ജയസൂര്യ പറഞ്ഞു. ഷീല്‍ഡ് ഉപയോഗിച്ച് ചെറുത്തപ്പോളാണ് കടുവയുടെ നഖം കൈയ്യില്‍ക്കൊണ്ട് പരുക്കേറ്റതെന്നും ജയസൂര്യ പറഞ്ഞു.
വയനാട് കൂടുതൽ ഇടങ്ങളിൽ വന്യജീവി ആക്രമണം. കല്‍പ്പറ്റ പെരുന്തട്ടയില്‍ പശുക്കിടാവിനെ പുലി കൊന്നു. കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാര മേഖലയിൽ കാട്ടുപോത്ത് കൂട്ടം ഇറങ്ങി. മാനന്തവാടിയിൽ നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി നടക്കുന്നതിനിടെ ജില്ലയൊന്നാകെ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ്. ഇന്ന് പുലർച്ചയാണ് കൽപ്പറ്റയിൽ പുലിയുടെ ആക്രമണം ഉണ്ടായത്. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ പശുക്കിടാവിനെയാണ് പുലി കൊന്നത്. .കഴിഞ്ഞദിവസം വയനാട് വൈത്തിരിയിലും ചേകാടിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന കക്കയം ഡാമിൻ്റെ സൈറ്റ് മേഖലയിൽ ആണ് കഴിഞ്ഞ രാത്രി കാട്ടുപോത്തുകളുടെ കൂട്ടം ഇറങ്ങിയത്. പ്രദേശത്ത് ഫെൻസിംഗ് ലൈനുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ഏറെ നാളായിട്ടുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. പകൽസമയത്ത് കൂടുതൽ വാച്ചർമാർ പെട്രോളിങ് നടത്തണമെന്ന ആവശ്യവും വനം വകുപ്പ് കേട്ട മട്ടില്ല. കഴിഞ്ഞവർഷം ജനുവരിയിൽ ഡാം കാണാൻ എത്തിയ അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കൂടരയിൽ നിന്ന് കൂട്ടിൽ ആയ പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു. മലബാർ വന്യജീവി സങ്കേതത്തിലെ വനത്തിലാണ് പുലിയെ വനം വകുപ്പ് തുറന്ന് വിട്ടത്.
വന്യജീവി ആക്രമണം ഫലപ്രദമായി തടയുന്നതില്‍ സംസ്ഥാന സർക്കാർ പൂർണപരാജയമാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമാണ് നടപടി എടുക്കുന്നത്. വന്യജീവി ആക്രമണം തടയാന്‍ വനാതിർത്തികളില്‍ സംവിധാനം വേണം. സർക്കാർ ഈ വിഷയത്തില്‍ പുലർത്തുന്നത് പൂർണ നിസംഗതയാണെന്നും അതാണ് വനം മന്ത്രിയുടെ പാട്ടിലൂടെ വ്യക്തമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു