വയനാട് പഞ്ചാര കൊല്ലിയിലെ രാധയെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ ചത്തനിലയില്‍ ദൗത്യസംഘം കണ്ടെത്തി. പിലാക്കാവിനോട് ചേര്‍ന്നാണ് കടുവയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്.  കടുവയുടെ മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കടുവയുടെ ജഡം വാഹനത്തില്‍ കയറ്റി വനംവകുപ്പ് ബേസ് ക്യാംപിലെത്തിച്ചു.

കടുവയെ പുലര്‍ച്ചെ 2.30ന് പിലാക്കാവ് മൂന്നുറോഡില്‍ വച്ച് കണ്ടതായി സിസിഎഫ് പറഞ്ഞു. മയക്കുവെടി വച്ചെങ്കിലും ഓടിപ്പോയി. ചത്ത നിലയില്‍ കണ്ടത് രാവിലെയാണ്. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിലേ അറിയാനാവൂയെന്നും ചത്തത് പെണ്‍കടുവയാണെന്നും സിസിഎഫ്. 

‘പിലാക്കാവില്‍ റോഡിന്റെ ഓരത്ത് വീടുകളുടെ അടുത്താണ് രാത്രി കണ്ടത്. കടുവയെ കൊല്ലാനായി വെടിവച്ചിട്ടില്ലെന്ന് ഡോ.അരുണ്‍ സഖറിയ‍. ദേഹത്തെ പല മുറികളും പഴക്കമുള്ളതെന്നും ഡോക്ടര്‍. മുറിവുകള്‍ കാട്ടില്‍ മറ്റ് മൃഗങ്ങളുമായി ‍ഏറ്റുമുട്ടിയതുമൂലമാകാമെന്ന് നിഗമനമെന്നും അരുണ്‍ സഖറിയ‍ പറഞ്ഞു. 

കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ചത്തതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടപ്പോൾ കടുവ അവശനിലയിലായിരുന്നു. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള ഉദ്യോഗസ്ഥരെ വരുത്തി. എന്നാൽ അവരെത്തി മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നെന്ന് സിസിഎഫ് പറഞ്ഞു.

കടുവ ചത്തതില്‍ അതിയായ സന്തോഷമെന്ന് നാട്ടുകാര്‍. ഇനി ധൈര്യത്തില്‍ പുറത്തിറങ്ങി നടക്കാം കഷ്ടപ്പെട്ടവര്‍ക്ക് നന്ദിയെന്നും നാട്ടുകാര്‍. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രദേശത്ത് ആര്‍ആര്‍ടി സംഘം തിരച്ചില്‍ തുടരും. കാടിനുള്ളില്‍ മൃഗങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നുണ്ട്. അതില്‍ പരിശോധന വേണംമെന്നും മന്ത്രി പറഞ്ഞു.

വയനാട് പഞ്ചാര കൊല്ലിയിലെ രാധയെ കൊലപ്പെടുത്തിയ കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം തുടങ്ങിയ ഉടനെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ വിവരം ലഭിച്ചത്. കടുവയുടെ സാന്നിധ്യം പിലാക്കാവിലെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചിരുന്നു. ആദ്യസംഘം പിലാക്കാവ് ഭാഗത്തുനിന്ന് കാട്ടിലേക്ക് കയറിയിരുന്നു. ഡോക്ടർ അരുൺ സഖറിയയ്ക്കായിരുന്നു ദൗത്യ നേതൃത്വം.

പഞ്ചാരക്കൊല്ലിയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയാണ് പിലാക്കാവ്. കടുവയെ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു. ദൗത്യത്തോട് അനുബന്ധിച്ച് പഞ്ചാരക്കൊല്ലി , മേലേ ചിറക്കര , പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:

The man-eating tiger that killed Radha in Panchara Kolli, Wayanad, was found dead by a task force. The tiger's body was found near the Pilakkavu. There were injuries on the tiger's body. The tiger's body was loaded into a vehicle and taken to the forest department base camp.