ബസ് യാത്രക്കിടെ പ്രായപൂർത്തിയാവാത്ത 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന യാത്രക്കാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കളിക്കാവിളയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യുവാവ് ഇത് കാണുകയും അതിക്രമം നടത്തുന്നയാളുടെ ചേഷ്ഠകൾ അയാളറിയാതെ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ശേഷം ആ വിഡിയോ വഴിപോക്കൻ എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 50 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.
പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയയാളെ എഴുന്നേൽപ്പിച്ച് വിട്ടുവെന്നും ഈ പോസ്റ്റിൽ പറയുന്നു. ആ പെൺകുട്ടിയെ ബസിൽവെച്ച് എല്ലാവരും തിരിച്ചറിയും എന്നതുകൊണ്ടാണ് ബഹളമുണ്ടാക്കാത്തതെന്നും, ആ പെൺകുട്ടി ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ ക്ഷമിക്കണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനായാണ് അതിക്രമം നടത്തിയ ആളുടെ മുഖം വ്യക്തമാകുന്ന ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവാവ് കുറിക്കുന്നു.
നെല്ലിമൂട് ഭാസ്കർ നഗറിലുള്ള ആളാണ് ഈ വിഡിയോയിലുള്ളതെന്ന് പലരും പോസ്റ്റിന് താഴെ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.