ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍റെ ജയില്‍മോചനത്തിനുള്ള മന്ത്രിസഭാ ശുപാര്‍ശ  മുന്‍ഗണനകള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതി അംഗം എം.വി.സരള . ഷെറിന്‍ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാര്‍ശ ചെയ്തതെന്നും ഇവര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഉപദേശകസമിതി പ്രത്യേക പ്രിവിലേജ്  നല്‍കിയിട്ടില്ല. മോചിപ്പിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള കൂട്ടിച്ചേര്‍ത്തു. 

മുന്‍ഗണന ലംഘിച്ച് മന്ത്രിസഭാ ശുപാര്‍ശ

ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍റെ ജയില്‍മോചനത്തിനുള്ള മന്ത്രിസഭാ ശുപാര്‍ശ  മുന്‍ഗണനകള്‍ ലംഘിച്ച്.  20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരേയും പിന്തള്ളിയാണ് തീരുമാനം. മൂന്നുമാസംകൊണ്ട് ശുപാര്‍ശ ആഭ്യന്തരവകുപ്പ് വഴി മന്ത്രിസഭയിലെത്തി. ശിക്ഷയിളവ്  ജയില്‍ ഉപദേശകസമിതി ശുപാര്‍ശചെയ്തത് ഡിസംബറിലായിരുന്നു. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും അവഗണിച്ചു. ഇതേ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ബാസിത്തിനേയും പരിഗണിച്ചില്ല. 

Read Also: മുന്‍ഗണന ലംഘിച്ച് മന്ത്രിസഭാ ശുപാര്‍ശ; ഷെറിന്‍റെ ഇളവ് അസാധാരണവേഗത്തില്‍

ജീവപരന്ത്യം ശിക്ഷാ കാലാവധിയായ 14 വര്‍ഷം പൂര്‍ത്തിക്കിയതിനെ തുടര്‍ന്ന് ശിക്ഷാ   ഇളവിനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.  2009 ലാണ് ഭര്‍ത്താവിന്‍റെ അച്ഛനായ ഭാസ്ക്കര കാരണവരെ കൊന്ന കേസില്‍  ഷെറിന്‍ പിടിയിലാകുന്നത്. മരുമകള്‍ ഷെറിന്‍ , അവരുടെ സുഹൃത്തുക്കളായ ബിബീഷ്, നിഥിന്‍, ഷാനു റഷീദ് എന്നിവരും കൂട്ടു പ്രതികളായി. കൊലപാതകം, ഗൂഢാലോചന, കുറ്റംചെയ്യാൻ പ്രേരിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, കവർച്ച , ദേഹോപദ്രവം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതികളെ 2010 ല്‍  കോടതി ശിക്ഷിച്ചത്. 

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ ഉപദേശക സമിതിയും ജയില്‍മേധാവിയും ശുപാര്‍ശ ചെയ്യുകയായിരുന്നു. മന്ത്രിസഭ ഇത് അംഗീകരിച്ചു. മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചാലെ ജയില്‍മോചനത്തിനുള്ള നടപടികള്‍ തുടങ്ങാനാവൂ. 35 വര്‍ഷം ന്യൂയോര്‍ക്കില്‍ ജോലിചെയ്ത ഭാസ്ക്കര കാരണവരുടെ ഇളയമകനായ ബിനുവിന്റെ ഭാര്യയായിരുന്നു പത്തനാപുരം സ്വദേശിനിയായ ഷെറിന്‍. സ്വത്ത് സബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് വഴിവെച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് ഐജിയായിരുന്ന വിന്‍സണ്‍ എം.പോളിന്‍രെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കാരണവരുടെ മക്കളായ ബിജു, ബെറ്റ്‌സി, ബിനു എന്നിവർ  അമേരിക്കയിലായിരുന്നു. 

ENGLISH SUMMARY: