രണ്ടാം ജന്മമേകിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കാനായി താമരമാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി, ഡിനോയ് തോമസ്, ഗിരീഷ്കുമാര്‍, മാത്യു അച്ചാടന്‍, സണ്ണി തോമസ്, ജിതേഷിന്‍റെ പിതാവ് ജയദേവന്‍ എന്നിവരാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ നേരിട്ട് കണ്ട് അഭിനന്ദിച്ചത്.
മുന്‍കൂട്ടി അറിയാക്കാതെ അപ്രതീക്ഷിതമായെത്തിയ അതിഥികളെക്കണ്ട് ഡോക്ടറും അമ്പരന്നു. പിന്നെ അവര്‍ ഒരുമിച്ച് ആഹ്ളാദം പങ്കിട്ടു. ഡോക്ടറെ അവര്‍ താമരമാലയണിയിച്ചു. പെട്ടെന്ന് തയ്യാറാക്കിയ പരിപാടിയായതിനാല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ എല്ലാവര്‍ക്കും എത്തിച്ചേരാനുമായില്ല.
ഹൃദയ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ സ്വന്തം നിലയില്‍ ജോലി ചെയ്തു മുന്നോട്ടു പോകുന്നത് അഹ്ളാദരമായ കാഴ്ചയാണ്. അവരുടെ ആത്മവിശ്വാസത്തിനുള്ള അംഗീകാരം കൂടിയാണ് തനിക്ക് ലഭിച്ച ബഹുമതിയെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിപ്പുറം പറഞ്ഞു. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നയ്ക്കൽ, ഫാ. ജറ്റോ തോട്ടുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.