Photographs: Kind courtesy Rehwa Society/WomenWeave/Instagram, facebook.com/DCMChownaMein
സാലി ഹോള്‍ക്കര്‍, ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഊടുംപാവും നെയ്തെടുത്ത അമേരിക്കന്‍ വംശജ. 2025ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഈ എണ്‍പത്തിരണ്ട് വയസുകാരി മധ്യപ്രദേശിലെ ഗ്രാമീണ നെയ്ത്തുകാരുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. യു.എസിലെ ഡാലസില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രയിലൊരിക്കല്‍പോലും തന്റെ ജീവിതം ഇങ്ങനെ മാറ്റപ്പെടുമെന്ന് സാലി ഹോള്‍ക്കര്‍ ചിന്തിച്ചുകാണില്ല. ഗ്രാമീണമേഖലയുടെ പുനരുദ്ധാരണത്തിനായി സാലി ഹോള്‍ക്കര്‍ നടത്തുന്ന പ്രയത്നങ്ങളാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഫാഷന്‍ വ്യവസായം കൈത്തറിയിലേക്ക് ശ്രദ്ധതിരിക്കുമ്പോള്‍ കൈത്തറി നെയ്ത്തില്‍ ഇന്ത്യയ്ക്കായി ലോക പൈതൃക നിധി കണ്ടെത്തുകയായിരുന്നു സാലി ഹോള്‍ക്കര്‍. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ മഹാരാജാവിന്റെ മകനായ റിച്ചാര്‍ഡ് ഹോള്‍ക്കറെ വിവാഹം കഴിച്ചശേഷം 1966ല്‍ യു.എസില്‍നിന്നും ഇന്ത്യയിലേക്ക് താമസിക്കാനെത്തി. മഹേശ്വരി സാരികളുടെയും കൈത്തറി തുണിത്തരങ്ങളുടെയും സമ്പന്നമായ പാരമ്പര്യം മധ്യപ്രദേശിനുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി പവര്‍ലൂമുകള്‍ക്കുമുന്നില്‍ മുട്ടുകുത്തുന്ന നെയ്ത്തുസമൂഹത്തിന് പുനുരജ്ജീവനം വളരെ അകലെയായിരുന്നു. അവിടെയാണ് രക്ഷകയായി സാലി ഹോള്‍ക്കര്‍ എത്തുന്നത്. നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഹോള്‍ക്കര്‍ക്കുമുന്നിലുണ്ടായിരുന്നത്. ഒരിക്കല്‍ നാശത്തിന്റെ വക്കിലായിരുന്ന മഹേശ്വരി സാരികള്‍ക്ക് പുതിയ രൂപംനല്‍കി.
പരമ്പരാഗത നെയ്ത്ത് വിദ്യകളില്‍ പരിശീലനം നല്‍കുന്നതിനായി മധ്യപ്രദേശിലെ മഹേശ്വരില്‍ കൈത്തറി സ്കൂള്‍ സ്ഥാപിച്ചു. സ്ത്രീ നെയ്ത്തുകാരുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനായി സ്വയം തൊഴില്‍ പരിശീലിപ്പിക്കാന്‍ ഹോള്‍ക്കര്‍ക്ക് കഴിഞ്ഞു. മധ്യപ്രദേശിലെ വനിതാ നെയ്ത്തുകാരുടെ നഷ്ടപ്പെട്ട പ്രതാപം തിരികെക്കൊണ്ടുവരാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും സാലി ഹോള്‍ക്കര്‍ക്ക് സാധിച്ചു. 250ല്‍ അധികം സ്ത്രീ നെയ്ത്തുകാര്‍ക്ക് തൊഴില്‍ നല്‍കി.
110ല്‍ അധികം കൈത്തറി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. തന്റെ ജീവനക്കാരുടെ കുട്ടികള്‍ക്കായി ഒരു വീട് നിര്‍മിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും അവരെ വിദഗ്ധ നെയ്ത്തുകാരാക്കി മാറ്റുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെ സാലിയുടെ പ്രയത്നം ഫലം കണ്ടുതുടങ്ങി. വിമന്‍ വീവ് എന്ന സംഘടനയിലൂടെ ഗ്രാമീണ ഇന്ത്യയുടെ കരവിരുത് വിവിധ രാജ്യങ്ങളിലേക്കെത്തുകയാണ്. അതിനായി പ്രത്യേക പ്രദര്‍ശനങ്ങളും നടത്തുന്നുണ്ട്.
തുണിയുടെ സംസ്കാരവും സമ്പന്നതയും നിലനിര്‍ത്താന്‍ കൈത്തറി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് പ്രത്യേകത, ഉപയോഗിക്കുന്ന ചായങ്ങള്‍ പൂര്‍ണമായും ജൈവമാണ്. സാരികളിലെ ഡിസൈന്‍ പാറ്റേണുകള്‍ പൂര്‍ണമായും കൈകൊണ്ട് ചെയ്തത്. അങ്ങനെ ഫാഷന്‍ ആക്സസറികള്‍ മുതല്‍ ഷാളുകളും സാരികളും വരെ ഇന്ന് സാലിയുടെ കൈകളില്‍ ഭദ്രം. അതുമാത്രമല്ല, 2013ല്‍ ആരംഭിച്ച മഹേശ്വറിലെ ഹാന്‍ഡ്‌ലൂം സ്കൂളില്‍ ഇന്ത്യയിലുടനീളമുള്ള നൂറിലധികം പുരുഷന്മാരെയും സ്ത്രീകളെയും പരമ്പരാഗത നെയ്ത്തില്‍ സാലി പരിശീലിപ്പിക്കുന്നു.
വ്യത്യസ്തവഴിയിലൂടെയായിരുന്നു സാലി ഹോള്‍ക്കറുടെ സഞ്ചാരം. 1978ല്‍ ക്ഷേമബോര്‍ഡില്‍നിന്ന് ഗ്രാന്‍റായി കിട്ടിയ 79,000 രൂപയുമായിട്ടായിരുന്നു തുടക്കം. ആദ്യകാലങ്ങളില്‍ ഭാഷ വലിയ പ്രശ്നമായിരുന്നു. ഒരു വിവര്‍ത്തകന്റെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനം. നെയ്ത്തുകാരുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിയാന്‍ രാജകീയപ്രൗഡിയെല്ലാം മാറ്റിവച്ച് ഇന്‍ഡോറിന്റെ നാട്ടുവഴികളിലൂടെ തുടര്‍ച്ചയായ യാത്രകള്‍. രണ്ടക്കം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീകളുടെ പച്ചയായ ജീവിതം അടുത്തറിഞ്ഞു.
പരമ്പരാഗത നെയ്ത്തുകാരുടെ വീടുകളിലെത്തി. അവരുടെ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു. പന്ത്രണ്ട് തറികളിലൂടെയാണ് ആദ്യഘട്ടത്തിലെ യാത്ര തുടങ്ങിയത്. അതില്‍ ഒരു ഡസന്‍ സ്ത്രീകള്‍ നെയ്ത്ത് കല പഠിച്ചു. ഗ്രാമീണ നെയ്ത്തുകാര്‍ക്ക് സുസ്ഥിരമായ തൊഴില്‍ നല്‍കുന്നതിനായി സാലി ഹോള്‍ക്കര്‍ 2003ല്‍ വിമന്‍ വീവ് സൊസൈറ്റിക്ക് രൂപംനല്‍കി. ഇതില്‍ 90ശത്മാനം അംഗങ്ങളും സ്ത്രീകളാണ്. നെയ്ത്ത് ഇതരകുടുംബങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കും പരിശീലനത്തിന് അവസരമൊരുക്കി. നെയ്ത്ത്, യുവതലമുറയെ പരിശീലിപ്പിക്കാന്‍ 2015ല്‍ കൈത്തറി സ്കൂള്‍ തുടങ്ങി.
സാലിക്ക് സാരി വളരെ പ്രിയപ്പെട്ട വസ്ത്രമാണ്. മഹേശ്വരി സാരി പതിവായി ധരിച്ചിരുന്നു. കൊച്ചുകുട്ടിയായിരിക്കെ തന്നെ ഗ്രാമങ്ങളില്‍ ജീവിക്കുന്നത് സ്വപ്നം കണ്ടിരുന്നു സാലി ഹോള്‍ക്കര്‍. ഇന്ത്യയില്‍ താനേറെ സന്തോഷവതിയെന്നാണ് സാലി പറയുന്നത്. അഞ്ച് പതിറ്റാണ്ടുകള്‍ ഇന്ത്യയില്‍ ചെലവഴിച്ചതിനും പരമ്പരാഗത കരകൗശലത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായും മഹത്തായ സേവനമാണ് സാലി ഹോള്‍ക്കര്‍ ചെയ്തത്. അവരുടെ ചിയര്‍ ലീഡര്‍മാര്‍ ഒാരോ നെയ്ത്തിലും ഓരോ വാര്‍പ്പിലും ജിവിതം മാറിയ ഗ്രാമീണ സ്ത്രീകളാണ്.