ഒരു നാടാകെ ആ കുഞ്ഞുമോളുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലും വേദനയിലുമാണ്. കണ്‍മുന്നില്‍ ഓടിക്കളിച്ചിരുന്ന ദേവേന്ദു എന്ന രണ്ടുവയസ്സുകാരി കിണറ്റില്‍ അനക്കമറ്റ് പൊങ്ങിയെന്ന് കേട്ടവരുടെ നെഞ്ചിടിപ്പ് ഇപ്പോഴും സാധാരണഗതിയിലായിട്ടില്ല. ആ കുരുന്നിന്‍റെ ചിരിക്കുന്ന മുഖം ഉറക്കം കെടുത്തുന്നുവെന്നാണ് അയല്‍വാസികളും പറയുന്നത്. ദേവേന്ദുവിന് വേണ്ടി തുന്നിയെടുത്ത ആ ചുവന്ന പാവാടയും കയ്യില്‍ പിടിച്ച് ഉള്ളുലഞ്ഞാണ് ഷീജ എന്ന തയ്യല്‍ക്കാരി മനോരമന്യൂസിനോട് പ്രതികരിച്ചത്. ALSO READ; ദേവേന്ദുവിനെ അവസാനമായി കാണാന്‍ അമ്മയെത്തിയില്ല; കുടുംബ വീട്ടിൽ അന്ത്യനിദ്ര
ദേവേന്ദുവിനു വേണ്ടി തയ്ച്ച പാവാടയാണ്. അതവള്‍ ഇട്ടു കാണാന്‍ പറ്റിയില്ല. ടോപ്പ് കൂടി തയ്ച്ച് അത് കുഞ്ഞിന് ഇട്ടുകൊടുക്കാമെന്ന് പറഞ്ഞ് എടുത്തുവച്ചു. പക്ഷേ നടന്ന കാര്യങ്ങള്‍ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നാണ് ഷീജ പറയുന്നത്. ശ്രീതു പറയുന്നത് മുഴുവന്‍ കള്ളമാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് വീട്ടുകാരുമായി അടുപ്പമില്ല. എന്നാല്‍ കുഞ്ഞിനോട് സ്നേഹമായിരുന്നു. എപ്പോള്‍ കണ്ടാലും അവള്‍ ഉമ്മ തരുമായിരുന്നു. എന്നെ ഷീജ എന്നാണ് ദേവേന്ദു വിളിച്ചിരുന്നത്. അമ്മാമ്മ എന്ന് എത്ര പറഞ്ഞുകൊടുത്താലും വിളിക്കില്ല. തന്നെ മാത്രമാണ് അവള്‍ ഇങ്ങനെ പേര് വിളിച്ചിരുന്നതെന്നും ഷീജ പറഞ്ഞു. ALSO READ; ‘എന്‍റെ വാവയെ കണ്ടില്ല; കുറച്ചുകഴിഞ്ഞ് കിണറ്റില്‍ വീണെന്ന് പറഞ്ഞു’; നോവായി കുരുന്നിന്‍റെ വാക്കുകള്‍
ആ കുഞ്ഞ് എന്തുചെയ്തിട്ടാണ് ഈ അതിക്രമം കാട്ടിയത്?. കട്ടിലില്‍ നിന്ന് എടുത്തപ്പോള്‍ ചായ കൊടുക്കാനോ മറ്റോ ആവുമെന്നാകും ആ പാവം ഓര്‍ത്തിരിക്കുക. ചെയ്തത് കൊടുംചതിയാണ്. ശ്രീതുവിന് ഇതില്‍ പങ്കില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. കാരണം ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല. ഒരുപക്ഷേ കുഞ്ഞിനെ കൊന്നതില്‍ അമ്മയ്ക്കാവും കൂടുതല്‍ പങ്ക് എന്നും ഷീജ സംശയം പ്രകടിപ്പിക്കുന്നു.
അവരാരും കുഞ്ഞിനെ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. എപ്പോഴും അമ്മയും അമ്മാവനും അമ്മമ്മയും കുഞ്ഞിനെ തോളിലെടുത്ത് ലാളിച്ചു നടക്കുന്നതാണ് കണ്ടിട്ടുള്ളത്. എല്ലാം അഭിനയമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്. ഹരികുമാറിന് വിദ്യാഭ്യാസം കുറവാണ്. പക്ഷേ ബുദ്ധിയിലും ആരോഗ്യത്തിലുമൊന്നും ഒരു കുറവുമില്ല. കുറ്റം ചെയ്തവരെ വെറുതെ വിടരുത്. കടുത്ത ശിക്ഷ തന്നെ നല്‍കണം എന്നും ഷീജ പറഞ്ഞു.