ഒളിംപിക്സ് മെഡലോ ഓസ്കറോ കിട്ടിയ പ്രതീതിയിലാണ് താനിപ്പോഴെന്ന് ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് വിറ്റ ഏജന്‍റ് അനീഷ്.
‘വെറും ഹാപ്പിയല്ല, ഡബിള്‍ ഹാപ്പിയാണ് ഞാന്‍. നടന്നു വില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാറുണ്ട്, അവര്‍ വിറ്റ ടിക്കറ്റിനുമാവാം അടിച്ചത്. സത്യന്‍ എന്നയാളാണ് ബില്ലടിച്ച് ടിക്കറ്റ് കൊണ്ടുപോയത്. അയാള്‍ ഏജന്‍റാണോ, വില്പനക്കാരനാണോ എന്ന് പോലും അറിയില്ല. ഭാഗ്യവാനെ ഉടന്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ’ – അനീഷ് വ്യക്തമാക്കി.
ക്രിസ്മസ് ബംപറില്‍ ഇത്തവണ ഭാഗ്യം കടാക്ഷിച്ചത് കണ്ണൂരിനെയാണ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ XD 387132 എന്ന ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം. ഈ ടിക്കറ്റാണ് കണ്ണൂരിലെ ഏജന്‍റ് എം.ജി. അനീഷ് വിറ്റത്. ഇവിടെ നിന്നും മുത്തു ലോട്ടറി ഏജന്‍സി വഴി ഇരിട്ടിയിലെ കടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
ടിക്കറ്റ് ആരു വാങ്ങിയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സമ്മാനം അടിച്ചത് കണ്ണൂര്‍കാരന് തന്നെയാണോ എന്നതിലും ഉറപ്പില്ല. പൂജ ബംപര്‍ കൊല്ലത്താണ് സമ്മാനം അടിച്ചിരുന്നതെങ്കിലും ടിക്കറ്റ് വിറ്റത് കായംകുളത്തെ സബ്ഏജന്‍സില്‍ നിന്നായിരുന്നു.അന്‍പത് ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തതില്‍ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംമ്പര്‍.