പുതിയ വ്യവസായങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് വേണ്ടെന്ന ഭേദഗതി മദ്യനിര്‍മാണശാലയ്ക്കു വേണ്ടിയെന്ന ആരോപണമുയര്‍ന്നതോടെ പറഞ്ഞത് തിരുത്തി മന്ത്രി എം.ബി.രാജേഷ്. കാറ്റഗറി ഒന്നിലെ വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ കാറ്റഗറി ഒന്നിലെ റെഡ്, ഓറഞ്ച് വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്നായിരുന്നു വൈകുന്നേരത്തോടെ തിരുത്തിയത്.
പാലക്കാട്ടെ മദ്യനിര്‍മാണശാലയ്ക്കെതിരെ പഞ്ചായത്ത് നിലപാട് കടുപ്പിക്കുമ്പോഴാണ് കാറ്റഗറി ഒന്നിലെ പുതിയ വ്യവസായങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് വേണ്ടെന്നു ചട്ടം ഭേദഗതി വരുത്തിയെന്നുള്ള വാര്‍ത്താസമ്മേളനം. കാറ്റഗറി ഒന്നില്‍ മദ്യനിര്‍മാണശാലയുള്‍പ്പെടുമോയെന്ന ചോദ്യത്തിനു മന്ത്രിയും വ്യക്തമായ ഉത്തരം പറഞ്ഞില്ല.
എതിര്‍പ്പിനെ മറികടക്കാനാണ് ചട്ടഭേദഗതിയെന്ന ആരോപണവുമായി പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി
നാലരയോടെയാണ് തിരുത്തിയ പ്രസ്താവനയെത്തിയത്. അതില്‍ ഓറഞ്ചും റെഡും വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്നു വ്യക്തത. മലിനീകരണത്തിന്‍റെ തോത് അനുസരിച്ചാണ് വൈറ്റ്, ഗ്രീന്‍, ഓറഞ്ച് , റെഡ് എന്നിങ്ങനെ തരം തിരിക്കുന്നത്. മദ്യനിര്‍മാണശാല റെഡ് ഇനത്തിലാണ് വരുന്നത്.