മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങിയിരുന്ന കാട്ടാന കസേര കൊമ്പൻ കുഴിയിൽ വീണ് ചരിഞ്ഞ നിലയില്‍. സ്വകാര്യ വ്യക്തിയുടെ ഇഷ്ടികക്കളത്തിലെ കുഴിയിലാണ് ആന വീണത്.
പുലർച്ചെ നാലേകാലിന് ഇഷ്ടികകളത്തിലെ തൊഴിലാളികളാണ് ആനയെ കുഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. വീണ് അല്‍പ സമയത്തിനകം കാട്ടുകൊമ്പന്‍ ചരിഞ്ഞു. കസേരക്കൊമ്പന് നാല്‍പ്പതു വയസിലേറെ പ്രായം കണക്കാക്കുന്നു. പുഴുവരിച്ച നിലയില്‍ ദേഹത്ത് മുറിവുകളുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ചരിഞ്ഞതെന്നാണ് നിഗമനം.
കാട്ടാനയ്ക്ക് കയറിപ്പോകാവുന്ന ആഴം കുറഞ്ഞ കുഴിയിലാണ് കസേരക്കൊമ്പന്‍ വീണത്. തല ഉയര്‍ത്തി നില്‍ക്കുബോള്‍ കസേര പോലെ നിവര്‍ന്നു നില്‍ക്കുന്ന കൊമ്പുകളായതുകൊണ്ടാണ് കസേരക്കൊമ്പന്‍ എന്ന പേരു വീണത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ജനവാസ മേഖലയില്‍ കസേരക്കൊമ്പന്‍ മിക്ക സമയങ്ങളിലുമുണ്ട്. കസേരക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് ഓടിച്ചു വിടണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് കസേരക്കൊമ്പന്‍ ചരിഞ്ഞത്.