മലപ്പുറം കരുവാരകുണ്ട് കേരള എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ കണ്ടത് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കടുവയെന്ന് സ്ഥിരീകരണം. കടുവ വേട്ടയാടിയ കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കാല്‍പാടുകളും കണ്ടെത്തി. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കേരള എസ്റ്റേറ്റിനു മീതെയുളള പാറയ്ക്ക് മുകളിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തായി കടുവയുടെ രണ്ടു കാൽപ്പാടുകള്‍ വ്യക്തമായി കാണാനുണ്ട്. തൊട്ടു താഴെയായി ജലാംശം നഷ്ടപ്പെട്ടിട്ടില്ലാത്ത കാഷ്ടവും കണ്ടെത്തി. തൊട്ടു താഴെയുളള ഭാഗത്താണ് വേട്ടയാടിയ കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. തുടർന്ന് ആര്‍ആര്‍ടി അംഗങ്ങൾ ഈ ഭാഗത്ത് പരിശോധന നടത്തുകയും ഉച്ചയോടെ കടുവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
ഡി എഫ് ഒ ജി. ധനിക് ലാലിനെ നേതൃത്വത്തിൽ വനപാലകർ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ ഭാഗങ്ങളിലെല്ലാം പരിശോധന നടത്തി. കടുവയെ പിടികൂടാന്‍ കൂടു സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.