പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ കഫ് സിറപ് കലര്‍ന്നതായി കണ്ടെത്തിയ ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളുടെ ലൈസന്‍സാണ് എക്സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഷാപ്പുകളിൽ നിന്നും ശേഖരിച്ച കള്ളിലാണ് കഫ് സിറപിന്‍റെ സാന്നിധ്യമെന്ന് പരിശോധന ഫലത്തില്‍ തെളിഞ്ഞത്. ഷാപ്പ് ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ നേരത്തെ എക്സൈസ് കേസെടുത്തിരുന്നു.
കലക്ക് കള്ളിന്‍റെ കള്ളികള്‍ പണ്ടേ പോലെ ഫലിക്കാത്തത് കൊണ്ടാവാം അത്രതന്നെ വീര്യം വരുത്താന്‍ ശേഷിയുള്ള ചുമ മരുന്ന് കലര്‍ത്തിയതെന്നാണ് എക്സൈസിന്‍റെ നിഗമനം. വിലകൂടിയ മരുന്ന് ചേര്‍ക്കുന്നത് വഴി കുടിക്കുന്നയാള്‍ക്ക് യഥാര്‍ഥ ലഹരി അറിയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കാക്കനാട്ടെ അനലറ്റിക് ലാബിലെ പരിശോധനാഫലവും തെളിയിക്കുന്നത് സമാന കണ്ടെത്തലാണ്. സെപ്റ്റംബറില്‍ ശേഖരിച്ച കള്ളിന്‍റെ സാംപിളില്‍ വിലകൂടിയ ചുമ മരുന്നിന്‍റെ അളവ് വേണ്ടുവോളമുണ്ട്. രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്.