സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കിടെ ലഹരി ഉപയോഗം കണ്ട് പകച്ചു നിന്ന് അധ്യാപകരും സ്കൂള്‍അധികൃതരും. ലഹരി വസ്തുക്കള്‍ വരും വഴി കണ്ടെത്താനോ നിയന്ത്രിക്കാനോ സ്കൂളുകളില്‍ ഒരു സംവിധാനവും നിലവിലില്ലെന്ന് അധ്യാപകര്‍ പറയുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുകപോലും വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചിരിക്കുകയാണ്
സ്കൂളുകളിലെ ലഹരി വ്യാപനം പേടിപ്പെടുത്തുന്നതാണെന്ന് അധ്യാപകര്‍ പറയുന്നു. പക്ഷെ ഇത് കണ്ടെത്താന്‍ വഴിയൊന്നുമില്ല എന്ന നിസഹായതയാണ് അധ്യാപകര്‍ പങ്കുവെക്കുന്നത്. ലഹരിവസ്തുക്കള്‍വരുന്നവഴിയോ അത് ആര്, എങ്ങിനെ കുട്ടികളിലെത്തിക്കുന്നുവെന്നോ കണ്ടുപിടിക്കാന്‍ സ്കൂളുകളില്‍ ഒരു സംവിധാനവുമില്ല. കുട്ടികളുടെ ബാഗുപോലും നോക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ പരിശോധനയും അസാധ്യം.
സ്കൂളുകളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നരകോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷം മാറ്റി വെച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇതില്‍ 56 ശതമാനം വെട്ടിക്കുറച്ചു. നല്‍കിയത് 65 ലക്ഷം മാത്രം.
എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള ബോറടിപ്പിക്കുന്ന ബോധവത്ക്കരണ ക്ളാസുകളാണ് സ്കൂളുകളില്‍ ആകെ നടക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനം. ലഹരി വ്യാപനം എത്ര ഗുരുതരമാണെന്ന് തിരിച്ചറിയാനോ അതില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനോ പ്രായോഗികമായ ഒരു പദ്ധതിയും വിദ്യാഭ്യാസ വകുപ്പിന് ഇല്ലെന്ന് വ്യക്തം.