ലഹരി ഉപയോഗം തടയാന്‍ സ്വയം നിരീക്ഷണ ക്യാമറകളായി വടകരയിലെ നാട്ടുകാർ. നിരോധിത പദാർഥങ്ങളുടെ വില്‍പ്പനയും ഉപയോഗവും എവിടെ കണ്ടാലും കർശനമായി തടയുമെന്നാണ് നിലപാട്. മുന്നറിയിപ്പുമായി വിവിധ ഇടങ്ങളില്‍ ഫ്ലക്സുകളും ലഹരിവിരുദ്ധ സംഘടന സ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട് വടകരയിലാണ് ലഹരി ഉപയോഗം എന്ത് വിലകൊടുത്തും തടയുക ലക്ഷ്യമിട്ട് നാട്ടുകാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. താഴെ അങ്ങാടിയിലെ ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങള്‍. ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വർധിച്ചതോടെയാണ് ഒരു വർഷം മുന്നേ പ്രവർത്തനം ആരംഭിച്ച കൂട്ടായ്മ കൂടുതല്‍ സജീവമാകാന്‍ തീരുമാനിച്ചത്.
ലഹരി ഉപയോഗിക്കുന്നവർക്ക് താക്കീതുമായി നാട്ടില്‍ നിരവധി ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ലഹരി ഉപയോഗം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ള ബോര്‍ഡുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.
നാട്ടിലെ ലഹരി സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘടനാപ്രവര്‍ത്തകര്‍ കൃത്യമായി പൊലീസിന് കൈമാറും. ലഹരി ഉപയോഗം ആരുടെ എങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യാം. ലഹരിമുക്ത ഗ്രാമം എന്ന സ്വപ്നം യാഥാര്‍ത്യമാക്കാനുള്ള ശ്രമത്തിലാണ് ലഹരിവിരുദ്ധ സംഘടന പ്രവര്‍ത്തകര്‍.