യു. പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസിലെ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന് ആലപ്പുഴ എക്സൈസ് അസി. കമ്മിഷണറുടെ റിപ്പോര്‍ട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും യു. പ്രതിഭ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.
കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലാകെ 9 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ കനിവിനെ മാത്രമാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുക.
അസി. എക്സൈസ് കമ്മിഷണർ എസ് അശോക് കുമാറാണ് സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍, കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സംഭവത്തില്‍, കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. യു പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. മകനെ ഉപദ്രവിച്ചുവെന്നും, ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യു പ്രതിഭ പരാതി നൽകിയത്.