താമരശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ആസൂത്രണം ചെയ്തത് ഇന്‍സ്റ്റഗ്രാം വഴി. സുഹൃത്തുക്കളുടെ ശബ്ദസന്ദേശം കേട്ട് മറ്റൊരു സുഹൃത്തിനൊപ്പമാണ് ഷഹബാസ് പുറപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിന് പുറമെ വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയും വിദ്യാര്‍ഥികള്‍ സംഘര്‍ഷം ആസൂത്രണം ചെയ്തതായി പൊലീസ് കണ്ടെത്തി. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുള്ള വിദ്യാര്‍ഥികളുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. 'ഞമ്മളിന്ന് കുത്തും, ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ'- എന്നായിരുന്നു ആഹ്വാനങ്ങളിലൊന്ന്.ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലില്‍ കൊന്നാല്‍ പൊലീസ് പിടിക്കില്ലെന്നുമടക്കം കുട്ടികള്‍ പറയുന്നു. Read More: യാത്രയയപ്പ് പാര്‍ട്ടിയിലെ സംഘര്‍ഷം; മര്‍ദനമേറ്റ വിദ്യാര്‍ഥി മരിച്ചു
സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'പ്രതികാരം ചെയ്തു'വെന്നായിരുന്നു കുട്ടികളുടെ മറുപടി. ഒന്നിലധികം സ്ഥലത്ത് വച്ച് കുട്ടികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഷഹബാസിനെ തല്ലിയവരില്‍ മുതിര്‍ന്നവരും ഉണ്ടെന്ന് അമ്മ റംസീന ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഷഹബാസിന്‍റെ പിതാവും സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു.
താമരശേരി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികളുമാണ് ട്യൂഷന്‍ സെന്‍ററിലെ യാത്രയയപ്പ് പരിപാടിയെ ചൊല്ലി ഏറ്റുമുട്ടിയത്. യാത്രയയപ്പ് ചടങ്ങില്‍ അവതരിപ്പിച്ച നൃത്തത്തിനിടെ പാട്ട് നിന്നുപോയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് . പരിഹസിച്ച് ഒരു വിഭാഗം കുട്ടികള്‍ കൂവിവിളിച്ചു . നൃത്തം ചെയ്ത പെൺകുട്ടി കുവിയവരോട് ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി മടക്കി അയച്ചു. തുടര്‍ന്ന് സംഘടിച്ചെത്തിയ കുട്ടികള്‍ മൂന്ന് തവണ ഏറ്റുമുട്ടി. ഇടിവള, നഞ്ചക് തുടങ്ങിയ ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സംഘര്‍ഷത്തിനിടെ തലയ്ക്ക് മാരകമായി പരുക്കേറ്റ ഷഹബാസിന് ആന്തരിക രക്തസ്രാവം സംഭവിക്കുകയായിരുന്നു.