drug-deal

കോഴിക്കോട് പാളയം ജംക്​ഷന് സമീപത്തെ ഏതെങ്കിലും വൈദ്യുത തൂണിന് സമീപം പേപ്പറില്‍ പൊതിഞ്ഞ വസ്തുക്കള്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ട.. അത് ആവശ്യക്കാര്‍ക്കായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് പാക്കറ്റുകളാണ്. അറിയാതെ പോയി എടുത്താല്‍ വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയാകും. 

എന്നാല്‍ ഈ ഐഡിയ ആരുടേതാണന്നല്ലേ. പല സ്റ്റേഷനുകളിലായി കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ കേസുകളുള്ള കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തില്‍ മൊറാര്‍ജി എന്ന പേരില്‍ അറിയപ്പെടുന്ന പി എം ജംഷീറിന്‍റേതാണ് (40). രാവിലെ പാളയത്ത് വച്ച് 102 ഗ്രാം കഞ്ചാവുമായാണ് ഡാന്‍സാഫും പൊലീസും ഇയാളെ പിടികൂടിയത്. അതിഥി തൊഴിലാളികളെയും ഹോട്ടല്‍ ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് വില്‍പന. 

ഒരു ചെറിയ പൊതിക്ക് 500 രൂപ നിരക്കിലാണ് വില്‍പന. അങ്ങനെ വിറ്റുകിട്ടിയ 6200 രൂപയും പിടിച്ചെടുത്തു. ആദ്യം ആവശ്യക്കാരെ കണ്ടെത്തും ശേഷം കഞ്ചാവ് ചെറിയ പൊതിയാക്കി വൈദ്യുത തൂണിന് സമീപം വയ്ക്കും. പിന്നീട് അവരെ വിളിച്ച് അറിയിക്കും. ആവശ്യക്കാര്‍ നൈസിന് വന്ന് എടുത്തുകൊണ്ട് പോകും. ഇത് പിടിക്കപ്പെടാതിരിക്കാനുള്ള വിദ്യയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇന്ന് അതേ വിദ്യയിലൂടെ സാധനം വയ്ക്കാന്‍ എത്തിയപ്പോഴാണ് പിടിയിലായത് . അപ്പോള്‍ പൊലീസ് ചോദിച്ചു സാധനം കയ്യിലുണ്ടോ. മറുപടി ഇല്ല സര്‍ പോസ്റ്റിനടിയിലുണ്ട്. 

ENGLISH SUMMARY:

Secret Code for Drug Deal. ''Do you have the stuff in hand?" "No, it's under the post."Variety cannabis sale.