മദ്യലഹരിയിൽ പാലക്കാട് അട്ടപ്പാടി ഒസത്തിയൂർ ഊരിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി. ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരനാണ് കൊല്ലപ്പെട്ടത്. മക്കളായ രാജേഷ്, രഞ്ജിത്ത് എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെയും, രഞ്ജിത്തിനെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വാക്കുതര്‍ക്കത്തിനിടെയായിരുന്നു സംഭവം. ഈശ്വരൻ്റെ കുടുംബ വീടിനു മുന്നിൽ വച്ചായിരുന്നു കൊലപാതകം. മർദനത്തിന് ശേഷം മൃതദേഹം വീടിനകത്ത് പായ വിരിച്ച് കിടത്തി വെള്ളമുണ്ട് കൊണ്ട് മൂടിയ ശേഷം ഇരുവരും വീട് പൂട്ടി ഓടിപ്പോകുകയായിരുന്നു. പൊലീസ് പരിശോധനയിൽ ഈശ്വരൻ്റെ കൈകളും, കാലും പൊട്ടിയ നിലയിലാണ്. 25 വർഷമായി ഈശ്വരൻ മാനസിക രോഗത്തിന് ചികിൽസയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഈശ്വരൻ്റെ മൃതദേഹം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.