വയനാട്ടിലെ നിര്‍ദ്ദിഷ്ട തുരങ്കപാതക്ക് സംസ്ഥാന പരിസ്ഥിതി അവലോകന സമിതി നല്‍കിയ പരിസ്ഥിതി ക്‌ളിയറന്‍സ് അനേകം ചോദ്യങ്ങളുയര്‍ത്തുന്നു. വയനാടിന് മികച്ച യാത്രാസൗകര്യം വേണം, സംശയമില്ല. എന്നാല്‍, അതോടൊപ്പം വയനാടുപോലെ വന്‍ പ്രകൃതിക്ഷോഭങ്ങളുടെ ചരിത്രമുള്ള, അതീവ പരിസ്ഥിതിലോലവും അപകടസാധ്യത ഏറിയതുമായ ഒരു പ്രദേശത്തെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ചുള്ള പരിശോധനക്കും പഠനത്തിനും വിധേയമാക്കണ്ടേ? സംസ്ഥാന സര്‍ക്കാരോ, പരിസ്ഥിതി അവലോകന സമിതിയോ ഇതു ചെയ്‌തോ? ഇല്ലെങ്കില്‍, കാലാവസ്ഥാ മാറ്റത്തിന്‍റെ കാലത്ത് നടക്കുന്ന ഇത്തരമൊരു പദ്ധതി എങ്ങനെയാവും വയനാടിനെയും ചുറ്റുപാടിനെയും മാറ്റിത്തീര്‍ക്കുക?
ആ നിര്‍ദേശം ആരുടേത്?
പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് പല ന്യായങ്ങളാണ്. തുരങ്കപാത കേരളത്തിനും കര്‍ണാടകത്തിനും ഇടക്കുള്ള യാത്രാ ദൂരം കുറക്കും, വയനാടിനെ മറ്റു ജില്ലകളുമായി വേഗതയുള്ള , ഗതാഗത കുരുക്കില്ലാത്ത ഒരു യാത്രാ മാര്‍ഗത്തിലൂടെ ബന്ധിപ്പിക്കും എന്നിവയാണ് അവയില്‍ പ്രധാനം. വയനാടിനെ സമീപ ജില്ലകളും അയല്‍ സംസ്ഥാനമായ കര്‍ണാടകവുമായും മെച്ചപ്പെട്ട റോഡിലൂടെ ബന്ധിപ്പിക്കണം എന്നതില്‍ സംശയമില്ല. യാത്രാ ക്‌ളേശം കുറക്കണം, ദൂരം കുറവുള്ള റൂട്ട് നിലവില്‍വരികയും വേണം. പക്ഷെ അതിന് തുരങ്കപാത തന്നെ വേണോ, ഇനി വേണമെങ്കില്‍തന്നെ അത് മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ള പ്രദേശത്തു കൂടിയാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ആരാണ്?
ആ നിര്‍ദേശങ്ങള്‍ കൊണ്ടെന്ത് പ്രയോജനം?
അതീവ പരിസ്ഥിതി ലോലം, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തിന് തൊട്ടരികെ, വന്യജീവികളും അപൂര്‍വ്വ സസ്യങ്ങളും ഉള്ള ആവാസ വ്യവസ്ഥ ഇങ്ങനെയെല്ലാമുള്ള ആമുഖത്തോടെയാണ് മേപ്പാടിയില്‍ നിന്നു ആനക്കാം പൊയില്‍ വരെയുള്ള 8.7 കിലോമീറ്റര്‍ തുരങ്ക പാത നിര്‍മ്മിക്കാന്‍ സംസ്ഥാന പരിസ്ഥിതി അവലോകന സമിതി അനുവാദം നല്‍കിയിരിക്കുന്നത്. 25 മുന്‍കരുതല്‍ നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് മുന്നില്‍വെച്ചിട്ടുണ്ട്. അതീവ പരിസ്ഥിതി ലോലവും അപകടസാധ്യതയുമുള്ള മേഖലയെന്ന് ബോധ്യപ്പെട്ട ശേഷവും ഇവിടെ തുരങ്കപാത നിര്‍മിക്കാന്‍ എന്തിന് അനുവാദം നല്‍കി? ഈ 25 നിര്‍ദേശങ്ങള്‍ ഏതെങ്കിലും പ്രായോഗികമാണോ? ഇനി ഇവ പകുതിയെങ്കിലും നടപ്പാക്കിയാല്‍തന്നെ അപകടസാധ്യത കുറയുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നും വിദഗ്ധരുള്‍പ്പെടുന്ന സമിതി ഉത്തരം നല്‍കുന്നില്ല.
ഇനിയും ഉണങ്ങാത്ത ചോരപ്പാടുകള്‍
പരിസ്ഥിതിലോലം എന്ന് കണ്ടെത്തിയ ഒരു പ്രദേശം വന്‍കിട നിര്‍മാണങ്ങള്‍ക്ക് അനുയോജ്യമല്ല. പ്രത്യേകിച്ച് കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ ആവര്‍ത്തിച്ച് അനുഭവിക്കുന്ന സാഹചര്യത്തില്‍. ഇതാണ് പദ്ധതിക്ക് എതിരായി ഉയരുന്ന പ്രധാന വാദം. 2018 -ലും 2019 -ലും 2024 -ലും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഉണ്ടായ ജില്ലയാണ് വയനാട്. 2019 -ല്‍ വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള പുത്തുമലയില്‍ ( ഒപ്പം തൊട്ടടുത്തുള്ള മലപ്പുറത്തെ കവളപ്പാറയിലും) വലിയ ഉരുള്‍പൊട്ടലുണ്ടയി. മനുഷ്യ ജീവനും ഭൂമിയും സ്വത്തും എല്ലാം നഷ്ടമായി. പതിനൊന്നു പേര്‍ മരിച്ചു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കനത്ത മഴയായിരുന്നു മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും ഇടയാക്കിയത്. 2018 -ല്‍ പ്രളയകാലത്ത് വയനാട് ജില്ലയിലാകെ 1132 ഇടങ്ങളില്‍ മണ്ണിടിച്ചിലും ചെറുതും ഇടത്തരവുമായ ഉരുള്‍പൊട്ടലും മണ്ണ് നീങ്ങുന്ന പ്രതിഭാസവും ഉണ്ടായതായി ശാസ്ത്രസാഹിത്യ പരിഷത്തും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയും ചേര്‍ന്നു നടത്തിയ പഠനമാണ് ഇത് വെളിച്ചത്തുകൊണ്ടുവന്നത്. 2024 -ല്‍ മേപ്പാടിക്കടുത്തുള്ള പുഞ്ചിരിമറ്റം, മുണ്ടക്കൈ പ്രദേശം അപ്പാടെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. 400 -ല്‍ അധികം മരണങ്ങള്‍. തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങള്‍, കണ്ടെത്താനേ കഴിയാത്തവരുടെ ഓര്‍മകള്‍. ഇങ്ങനെ ആ മുറിപ്പാടുകളിലെ ചോര ഇനിയും ഉണങ്ങിയിട്ടില്ല.
സാമാന്യബുദ്ധിക്കും ഇത്ര പഞ്ഞമോ?
പശ്ചിമഘട്ടത്തിലെ 30 ഡിഗ്രിയില്‍കൂടുതല്‍ ചരിവുള്ള പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ സാധ്യത ഏറിയ പ്രദേശങ്ങളാണ്. ഇവിടെ നീര്‍ച്ചാലുകളും കൂടി ഉണ്ടെങ്കില്‍ അപകട സാധ്യത ഏറും. ഭൂമി തരംമാറ്റുക, വെള്ളത്തിന്‍റെ ഒഴുക്കു തടയുക, അശാസ്ത്രീയമായി തടയണകളോ കുളങ്ങളോ നിര്‍മ്മിക്കുക ഇവയെല്ലാം മണ്ണും പാറയും ഇടിഞ്ഞുവരാനുള്ള വഴിതുറക്കും. വയനാട്ടിലും മലപ്പുറത്തും മറ്റും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശങ്ങള്‍ ഇതിന് നേര്‍സാക്ഷ്യമാണ്. മേപ്പാടി പ്രദേശം ആവര്‍ത്തിച്ച് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടായ പ്രദേശമായതിനാല്‍ അവിടെ ചെങ്കുത്തായ മലകള്‍ തുരന്നുള്ള നിര്‍മാണ പ്രവര്‍ത്തനം പ്രായോഗികമാണോ? സാമാന്യബുദ്ധിയുള്ള ആരും ചോദിക്കുന്ന ഈ ചോദ്യം എന്താണ് പരിസ്ഥിതി അവലോകന വിദഗ്ധ സമിതിക്ക് തോന്നാത്തത്? അവരെന്താണ് ഇക്കാര്യം ചോദിക്കാത്തത്? എന്താണ് പൊതുചര്‍ച്ചക്ക് വെക്കാത്തത്? വയാനടിന്‍റെ ആകെ ഭൂവിസ്തൃതിയില്‍ 21 ശതമാനം മണ്ണിടിച്ചിലിന് തീവ്രസാധ്യതയുള്ള പ്രദേശങ്ങളാണ്. വയനാട്ടിലെ വടക്ക് തുടങ്ങി തെക്കു പടിഞ്ഞാറുവരെയുള്ള പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങള്‍ അതീവ അപകടകരമായ മേഖലയാണ്. ഇതും വിദഗ്ധ സമിതി എന്താണ് കണക്കിലെടുക്കാത്തത്?
അപ്പോള്‍, ഈ വന്യമൃഗങ്ങളോ?
പരിസ്ഥിതി ലോലപ്രദേശങ്ങളായ വെള്ളരിമല, തിരുവമ്പാടി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുക. 17 ഹെക്ടര്‍വനം വെട്ടേണ്ടിവരും. ആനയും കടുവയും പുലിയും എല്ലാം വിഹരിക്കുന്ന വനപ്രദേശമാണ്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയാല്‍തന്നെ വന്യമൃഗങ്ങള്‍ കൂടുതല്‍ നാട്ടിലേക്കിറങ്ങുന്ന സ്ഥിതിവരും. നിര്‍മാണം നടക്കുമ്പോള്‍ ആനത്താരകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിട്ടെന്തുകാര്യം? സ്വാഭാവിക ആവാസ വ്യവസ്ഥക്ക് മാറ്റം വന്നാല്‍ ആനയും കടുവയും പുലിയും നാട്ടിലേക്കിറങ്ങുമെന്നും വന്യജീവി ആക്രമണങ്ങള്‍ കൂടുമെന്നും കേരളത്തില്‍ ജീവിക്കുന്നവര്‍ക്കെല്ലാം അറിയാം. വിദഗ്ധ സമിതി ചില നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ഉടനെത്തന്നെ പരിഹരിക്കാനാവുന്ന പ്രശ്‌നമല്ല ഇതെന്നും വ്യക്തം.
ടോള്‍ കൊടുക്കേണ്ടി വരുമോ?
തുരങ്കപാതക്ക് 2043 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും പണം ചെലവഴിച്ചാല്‍ ആ പാതയിലും വരുമോ ടോള്‍? ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ കുറ്റം പറയരുത്. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ കൊണ്ടുവരുമെന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഇനി എന്തുവലിയ അടിസ്ഥാന സൗകര്യ വികസനം വന്നാലും ടോളും സെസ്സും എല്ലാം പിറകെ വരുമെന്ന് പ്രതിക്ഷിക്കണം.
ആദിവാസികളുടെ ജീവിതം എന്താവും?
തുരങ്കപാതയുടെ 500 മീറ്റര്‍ മുതല്‍ ഒന്നര കിലോമീറ്റര്‍വരെയുള്ള ചുറ്റളവില്‍ ആദിവാസി ഗ്രാമങ്ങളുണ്ട്. ഇവിടെ ജീവിക്കുന്നവര്‍ ഇപ്പോള്‍തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വന്യജീവി ആക്രമണങ്ങള്‍ ഭയന്നും ഉരുള്‍പൊട്ടലിനെയും തീവ്രമഴയെയും നേരിട്ടുമാണ് അവര്‍ ജീവിക്കുന്നത്. അവരെ ഇനിയും കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നതാവുമോ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനം എന്ന ആശങ്കയും ഉയരുന്നുണ്ട്.
കാണണം ഈ ഭയാനകമായ യാഥാര്‍ത്ഥ്യങ്ങള്‍
ഇതൊക്കെ അതീവ ഗുരുതരമായ വിഷയങ്ങളാണ്. ഒഴുക്കന്‍ മട്ടിലല്ല അവയെ സമീപിക്കേണ്ടത്. അതിനാലാണ് ഇപ്പറഞ്ഞ കാര്യങ്ങള്‍ മുന്‍നിറുത്തി പദ്ധതി പുനരാലോചിണം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. തുരങ്കപാത ആലോചിക്കുന്ന പ്രദേശം പാരിസ്ഥിതികമായി ലോലം മാത്രമല്ല, അപകടസാധ്യത ഏറിയതുമാണ് എങ്കില്‍ എങ്ങനെയാണ് ഭരണകൂടത്തിന് ഈ വിഷയം ലാഘവത്തോടെ കാണാനാവും? ഈ പദ്ധതി നിര്‍ദേശം അപ്പാടെ വീണ്ടും പുന:പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
രാജ്യത്തെ ഏറ്റവും മികച്ചതും നിഷ്പക്ഷവുമായ ഏജന്‍സികളുടെ കൂട്ടായ്മ ഈ പദ്ധതിയെ വിലയിരുത്തണം. ഒപ്പം അപകടം കുറഞ്ഞതും ചെലവുകുറഞ്ഞതുമായ മറ്റെന്തെങ്കിലും ബദല്‍ മുന്നോട്ടുവെക്കാനുണ്ടോ എന്നും ആലോചിക്കണം. സര്‍ക്കാരിന്‍റെ അഭിമാനപദ്ധതി ആണെന്ന വശമോ പിടിവാശിയോ ഒന്നുമാകരുത് ഒരു പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കാനുള്ള കാരണം.
25 വ്യവസ്ഥകള്‍ ഫയലില്‍ രേഖപ്പെടുത്തിയാല്‍ പിടിച്ചു നിറുത്താനാവുന്നതല്ല കാലാവസ്ഥാ മാറ്റം കേരളത്തിന് മുന്നില്‍വെക്കുന്ന ഭയാനകമായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. പദ്ധതി പ്രദേശത്തെ കുറിച്ചുള്ള ജിയോളജിക്കല്‍, ഹൈഡ്രോളജിക്കല്‍പഠനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ് എന്ന വശവും നാം ചേര്‍ത്തുവായിക്കണം.