chinmaya-school-breakup

TOPICS COVERED

പ്രണയബന്ധം അവസാനിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എറണാകുളം തൃപ്പൂണിത്തുറ ചിന്മയ സ്കൂളിലാണ് സംഭവം. സ്കൂളിലെ ശുചിമുറിയില്‍ വച്ച് പത്താംക്ലാസുകാരന്‍റെ മൂക്കിടിച്ച് പൊട്ടിച്ചെന്നും പല്ല് അടിച്ചിളക്കിയെന്നുമാണ് പരാതി. തിങ്കളാഴ്ച സ്കൂളില്‍ വച്ച് നടന്ന മര്‍ദനത്തിന്‍റെ വിവരം ഇന്നലെയാണ് തൃപ്പൂണിത്തുറ പൊലീസിനെ അറിയിച്ചത്. 

പരാതി ലഭിച്ചതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ഥികളായ അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പത്താംക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കൂട്ടുകാരിയും പ്ലസ്ടു വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ഥി പൊടുന്നനെ പിന്‍മാറി. ഇതിന്‍റെ കാരണം തിരക്കി പെണ്‍കുട്ടിയുടെ കൂട്ടുകാരനായ പത്താംക്ലാസുകാരന്‍ എത്തിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. 

'നിനക്കെന്നെ തല്ലണോടാ' എന്നാക്രോശിച്ചായിരുന്നു മര്‍ദനമെന്ന് പരുക്കേറ്റ വിദ്യാര്‍ഥി പറയുന്നു. പിന്നാലെ മറ്റുള്ളവരും വിദ്യാര്‍ഥിയെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. സ്കൂളില്‍ വച്ച് കുട്ടിക്ക് മര്‍ദനമേറ്റ വിവരം സ്കൂള്‍ അധികൃതരും ആശുപത്രി അധികൃതരും മറച്ചുവച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവമുണ്ടായി രണ്ട് മണിക്കൂറിന് ശേഷമാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

A Class 10 student at Tripunithura’s Chinmaya School was brutally assaulted by Plus Two students after questioning a friend’s breakup. Police have registered a case.