മലപ്പുറം താനൂരിൽ നിന്ന് കാണാതായ കുട്ടികൾ തിരികെ എത്തുന്നത് കാത്തിരിക്കുകയാണ് ഇരു കുടുംബങ്ങളും. വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും, കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ പറ്റി കൂടുതൽ അന്വേഷിക്കണമെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു.
ആശങ്കയുടെ 36 മണിക്കൂറിനൊടുവിൽ പുലർച്ചെ 2.30 യോടെ ആശ്വാസകരമായ വാർത്ത എത്തി. ലോണാവാലയിൽ വച്ച് രണ്ടു കുട്ടികളെയും ആർ പി എഫ് കണ്ടെത്തി. കുട്ടികളുടെ വിവരം അറിഞ്ഞതോടെയാണ് ആശ്വാസമായതെന്നു ബന്ധുക്കൾ പറഞ്ഞു.
കുട്ടികൾ സുരക്ഷിതരാണെന്നും, കുട്ടികൾക്കൊപ്പം മുംബൈയിലേക്കുള്ള ട്രെയിനിൽ ഉണ്ടായിരുന്ന എടവണ്ണ സ്വദേശി റഹീം അസ്ലമിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
റഹിമിന്റെ കുടുംബം എടവണ്ണയിൽ വാടക വീട്ടിലാണ് താമസം. ആരുമായും കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്നു നാട്ടുകാർ പറഞ്ഞു. കുട്ടികളെ നാട്ടിലെത്തിക്കുന്നതിനായി താനൂർ എസ് ഐ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പൂനയിലേക്ക് തിരിച്ചിട്ടുണ്ട്. തിരിച്ചെത്തിച്ച ശേഷം കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് അടക്കം നൽകുമെന്നും പൊലീസ് അറിയിച്ചു.