ഫര്‍സാനയെ കൊലപ്പെടുത്തിയത് കടുത്ത പകമൂലമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഫര്‍സാനയോടുള്ള സ്നേഹമല്ല, മറിച്ച് കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുതിയ മൊഴി. മുന്‍പ് ഫര്‍സാന ഒറ്റപ്പെടുമെന്ന കാരണത്താല്‍ കൊലപ്പെടുത്തിയതാണെന്നും താന്‍ നാലു പേരെ കൊന്ന വിവരം ഫര്‍സാനയെ അറിയിച്ചിരുന്നുവെന്നുമാണ് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
ഫര്‍സാന പണയം വയ്ക്കാന്‍ മാല നല്‍കിയിരുന്നുവെന്നും അത് തിരികെ ചോദിച്ചതാണ് പകയ്ക്ക് കാരണമെന്നും അഫാന്‍ പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല ഉടന്‍ തിരികെ നല്‍കാന്‍ ഫര്‍സാന അഫാന്‍റെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത് ഫര്‍സാനയുടെ ദേഷ്യം കൂടാന്‍ കാരണമായി. തെളിവെടുപ്പ് വേളയിലാണ് അഫാന്‍ മാലയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പറയുന്നത്. അബ്ദുള്‍ റഹീമിന്റെ കാര്‍ പണയപ്പെടുത്തിയത് ഫര്‍സാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.
കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ദിവസം പ്ലാനിങ്ങോടെ ഫര്‍സാനയെയും അഫാന്‍ വീട്ടിലെത്തിക്കുകയായിരുന്നു. മാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൊലപാതകത്തിനിടയില്‍ ആരെങ്കിലും വീട്ടിലേക്ക് വന്നാല്‍ അവരെ ആക്രമിക്കാനായി തൊട്ടടുത്ത കടയില്‍ നിന്ന് മുളകുപൊടിയും അഫാന്‍ വാങ്ങി വച്ചിരുന്നു. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.