താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ കഴിയുന്നതിനുമുമ്പ് കൊലപ്പെടുത്തുമെന്ന് ഊമക്കത്ത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് സംരക്ഷണയില്‍ എസ്എസ്എൽസി പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താമരശേരി ജി.വി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകന് ഊമക്കത്ത് ലഭിച്ചത്.
കോരങ്ങാട്ടെ സ്കൂളില്‍ പൊലീസ് സംരക്ഷണയില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഏതാനും പരീക്ഷകള്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിദ്യാര്‍ഥികളെ അപായപ്പെടുത്തിയിരിക്കുമെന്നും കത്തില്‍ പറയുന്നു. വളരെ വ്യക്തതയോടെ വൃത്തിയുള്ള കൈപ്പടയിലാണ് കത്ത് എഴുതിയിരിക്കുന്നത്.
കത്ത് ലഭിച്ച ഉടൻ തന്നെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു, സംഭവത്തില്‍ അന്വേഷണവും തുടങ്ങി. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതീവ രഹസ്യമായാണ് അന്വേഷണം. പിടിയിലായ അഞ്ചു വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുന്‍പാണ് കത്തയച്ചതന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.