വനിത ദിനത്തില്‍ മില്‍മ പങ്കുവച്ച പോസ്റ്ററിന് വിമര്‍ശനം. 'വുമണ്‍സ് ഡേ പോസ്റ്റ് ചെയ്തെങ്കില്‍ ഞങ്ങള്‍ മെന്‍സ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകള്‍ക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണം. വനിത ദിനാശംസകള്‍' എന്നായിരുന്നു വനിത ദിനത്തില്‍ മില്‍മ പങ്കുവച്ച പോസ്റ്ററിലെ വാചകം. ''അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയെക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍'' എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചത്.
പോസ്റ്റിന് പിന്നാലെ മില്‍മക്കെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്. 'അയ്യേ...' എന്നാണ് മിക്കവരും പോസ്റ്റിന് കീഴില്‍ മിക്കവരും നല്‍കിയിരിക്കുന്ന കമന്‍റ്.
വുമണ്‍സ് ഡേയുടെ ചരിത്രം എന്താണെന്നും ചിലര്‍ കമന്‍റില്‍ വിശദീകരിച്ചു. മിൽമ എത്രയും വേഗം പി ആര്‍ ടീമിനെ മാറ്റണമെന്ന ഉപദേശം നല്‍കിയവരുമുണ്ട്. വനിതാ ദിനത്തിന്റെ സന്ദേശം പോലും മനസിലാക്കാതെയാണ് മില്‍മയില്‍ നിന്നും ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മില്‍മ തടിതപ്പി. ഇതിനുശേഷവും മില്‍മയുടെ പോസ്റ്റ് കുത്തിപ്പൊക്കി പലരും വിമര്‍ശനം തുടരുന്നുണ്ട്.