മലപ്പുറം താനൂരിൽ വിദ്യാർഥികൾക്ക് നാടുവിടാൻ സഹായം ചെയ്തുകൊടുത്ത എടവണ്ണ സ്വദേശി അക്ബര്‍ റഹീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്ന് തിരികെ നാട്ടിലെത്തിയ യുവാവിനെ തിരൂരിൽ വച്ച് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഫോണില്‍ പിന്തുടരല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് കുട്ടികളുമായുള്ള പൊലീസ് സംഘം താനൂരിലെത്തിയത്. മജിസ്ട്രേറ്റിന് മുന്നിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ അക്ബര്‍ റഹീമിനെ ഇന്ന് രാവിലെ തിരൂരിൽ നിന്നും താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്ക് എന്നു പറഞ്ഞ് വീട് വിട്ടിറങ്ങിയ വിദ്യാർഥിനികളെ കാണാതാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്ന് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് പൂനയ്ക്ക് അടുത്ത് ലോണെവാലയിൽ വച്ച് കുട്ടികളെ ആർപിഎഫ് കണ്ടെത്തുന്നത്. കുട്ടികൾ വിനോദസഞ്ചാരത്തിന് പോയി എന്നതാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യംചെയ്ത് വരികയാണ്. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടി.