കാസര്‍കോട് കാണാതായ പതിനഞ്ചുകാരിയുടെയും അയല്‍വാസി പ്രദീപിന്‍റെയും മൃതദേഹങ്ങള്‍ വീടിന് തൊട്ടരികെ നിന്ന് കണ്ടെത്തിയതിന്‍റെ നടുക്കത്തിലാണ് നാട്ടുകാര്‍. പൈവളിഗ സ്വദേശിയായ പെണ്‍കുട്ടി നാടൊന്നാകെ തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ കാണാതെയായി 26–ാം നാള്‍ വീടിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തോട്ടത്തില്‍ നിന്നും തൂങ്ങി നില്‍ക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെയും ഒപ്പം കാണാതായ പ്രദീപിന്‍റെയും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് സമീപം കത്തിയും ചോക്ലേറ്റും മൊബൈല്‍ ഫോണും കണ്ടെത്തി. കാണാതായ ദിവസം ധരിച്ചിരുന്ന അതേ വേഷത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഫോണുകളുടെ ഏകദേശ ലൊക്കേഷന്‍ കണ്ടെത്തിയത് തോട്ടത്തിന് സമീപത്ത് നിന്നായതിനാല്‍ ഇവിടം കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലുള്ള തിരച്ചിലും.
ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ആദ്യഘട്ടത്തില്‍ തിരച്ചില്‍ നടത്തി. കൃത്യമായ ഫോണ്‍ ലൊക്കേഷന്‍ ലഭിക്കാതിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായിരുന്നു. സ്വര്‍ണാഭരണങ്ങളോ, തിരിച്ചറിയല്‍ രേഖകളോ ഇരുവരും വീടുകളില്‍ നിന്നെടുത്തിരുന്നില്ല. കാണാതായതിന് പിന്നാലെ പ്രദീപിന്‍റെ ബന്ധുവിന്‍റെ ഫോണിലേക്ക് ഇരുവരും ഒപ്പമുള്ള അന്‍പതോളം ചിത്രങ്ങള്‍ പെണ്‍കുട്ടി അയച്ചു നല്‍കി. ഇതോടെയാണ് ഇരുവരും ഒന്നിച്ചുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്.
പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെ ഫെബ്രുവരി 12–ാം തീയതി പുലര്‍ച്ചെ നാലേമുക്കാലോടെയാണ് പതിനഞ്ചുകാരിയെ കാണാതെയായത്. അതിരാവിലെ ഉറക്കമുണര്‍ന്ന ഇളയ കുട്ടിയാണ് ചേച്ചി ഒപ്പമില്ലെന്ന് മനസിലാക്കിയത്. വീട്ടുകാരെ വിവരമറിയിച്ചതോടെ മൊബൈല്‍ ഫോണും കാണാതെയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിളിച്ച് നോക്കിയപ്പോള്‍ ആദ്യം ബെല്ലടിച്ചു. പിന്നാലെ ഫോണ്‍ ഓഫായി. ഒടുവില്‍ 26–ാം ദിവസം മകള്‍ ജീവനോടെയില്ലെന്ന വിവരമാണ് കുടുംബത്തിലേക്ക് തീരാ നോവായി എത്തുന്നത്.