ലഹരികടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ കുടുക്കി കൊച്ചി സിറ്റി പൊലീസിന്‍റെ ഓപ്പറേഷന്‍ മിഡ്നൈറ്റ്. കഞ്ചാവ്, എംഡിഎംഎ ഹഷിഷ് ഓയില്‍ അടക്കമുള്ള ലഹരിമരുന്നുമായി എണ്‍പത് പേരാണ് പിടിയിലായത്. രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ മുപ്പതിലേറെ ഇടങ്ങളിലായിരുന്നു ഒരേസമയം പരിശോധന.
ഇന്നലെ രാത്രി പതിനൊന്നിന് ആരംഭിച്ച പരിശോധന അവസാനിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക്. നഗരത്തിന്‍റെ മുക്കിലും മൂലയിലും പൊലീസിനെ വിന്യസിച്ചായിരുന്നു പരിശോധന. അവധി ദിവസങ്ങളില്‍ ലഹരിയിടപാടുകളും ഉപയോഗവും കൂടുതലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിസിപിക്ക് പുറമെ അഞ്ച് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയിലായി 77എന്‍ഡിപിഎസ് കേസുകളാണ് രജിസ്റ്റര്‍ ചയ്തത്. രണ്ട് കിലോ കഞ്ചാവുമായി വില്‍പനയ്ക്കെതിയ യുവാവിനെ ഡാന്‍സാഫ് സംഘം പിടികൂടി.
ആഴപ്പുഴ സ്വദേശി അമല്‍ ജോസിയാണ് പിടിയിലായത്. ഇതിന് പുറമെ യുവാക്കളില്‍ നിന്ന് ഹഷിഷ് ഓയില്‍ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെത്തി. ഓരോ മണിക്കൂറിലും വ്യത്യസ്തമായ പോയിന്‍റുകളിലേക്ക് പരിശോധന മാറ്റി. മദ്യപിച്ച് വാഹനം ഓടിച്ച 193 പേര്‍ പരിശോധനയില്‍ കുടുങ്ങി.
പൊതുസ്ഥലത്ത് മദ്യപിച്ചതിന് 26 കേസുകളും റജിസ്റ്റർ ചെയ്തു കഴിഞ്ഞ ദിവസം പനമ്പിള്ളി നഗര്‍ മേഖലയിലും പൊലീസ് മിന്നല്‍ പരിശോധന നടത്തി. നഗരത്തിലെ ലഹരിമാഫിയ സംഘങ്ങളെ നേരിടാന്‍ ഡോഗ് സ്ക്വാഡിനെയടക്കം ഉപയോഗിച്ച് പരിശോധനകള്‍ കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം.